മേയറുടെ ഓഫീസ് ഉപരോധിച്ച് കൊടികെട്ടി ബിജെപി, ധര്‍ണയുമായി കോണ്‍ഗ്രസ്
1 min read
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ ഇന്നും പ്രതിഷേധവും സംഘര്‍ഷവും . കോര്‍പറേഷനില്‍ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആര്‍ അനിലിന്റേയും ഓഫിസിന് മുന്നില്‍ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൌണ്‍സിലര്‍മാരുള്‍പ്പെടെ കിടന്നാണ് പ്രതിഷേധിക്കുന്നത്.
സമരം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മേയര്‍ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പറയുന്നത് . ജനങ്ങള്‍ക്ക് ഉപകാരം ഇല്ലാത്ത ഓഫിസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് ബിജെപി കൌണ്‍സിലര്‍മാരുടെ നിലപാട്. ഓഫിസിലേക്ക് ജീവനക്കാര്‍ക്ക് കയറാനാകാത്ത അവസ്ഥയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി പൊതുജനം എത്തുമ്പോള്‍ ഓഫിസില്‍ കയറാനാകാത്ത വിധം ആണ് ബിജെപിയുടെ സമരം തുടരുന്നത്.
അതുകൊണ്ട് തന്നെ കൂടുതല്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട് .ഓഫിസ് ഉപരോധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പോലെ എല്‍ഡിഎഫ് കൌണ്‍സിലര്‍മാര്‍ രംഗത്തെത്തുമോ എന്നും സംശയമുണ്ട്.
കോണ്‍ഗ്രസും സമരപാതയിലാണ്. യുഡിഎഫ് കൌണ്‍സിലര്‍മാര്‍ കോര്‍പറേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട് .ഇതിനിടെ മുടവന്‍മുകളിലെ വീട്ടില്‍ നിന്നിറങ്ങിയ മേയര്‍ ആര്യാ രാജേന്ദ്രന് നേരെ പ്രതിഷേധം ഉണ്ടായി. കെ എസ് യു പ്രവര്‍ത്തകര്‍ മേയറെ കരിങ്കൊടി കാണിച്ചു. വീടിനു മുന്നിലും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവരുടെ പ്രതിഷേധം കണക്കിലെടുത്ത് അവിടേയും പൊലീസ് വിന്യാസം ഉണ്ടായിരുന്നതിനാല്‍ കെ എസ് യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു
ഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങുകയാണ്. ഇതിന്റെ ഭാഗമായി മേയറുടെ മൊഴി ആദ്യം രേഖപ്പെടുത്തും. ഡി ആര്‍ അനിലിന്റേയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മൊഴി എടുക്കും. അതേസമയം സംഭവത്തില്‍ ഉടന്‍ കേസ് എടുക്കില്ല.