കോടതിയില്‍ വിതുമ്പി മധുവിന്റെ അമ്മ, പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
1 min readപാലക്കാട്: അട്ടപ്പാടി മധുകൊലക്കേസ് വിസ്താരത്തിനിടെ വിതുമ്പി മധുവിന്റെ അമ്മ മല്ലി. മകനെ പ്രതികള്‍ കാട്ടില്‍കയറി കൊന്നു എന്നു പറഞ്ഞായിരുന്നു മല്ലി വിതുമ്പിയത്. മധുവിനെ പൊലീസുകാരാണോ കൊന്നത് എന്ന് ചോദിച്ചപ്പോഴാണ് മല്ലി കോടതിയില്‍ നിയന്ത്രണം വിട്ടത്. അതിനിടെ, വിചാരണയ്ക്കിടെ ഇന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഏറ്റുമുട്ടി. ഒന്നാം പ്രതി ഹുസൈന് വേണ്ടി ഹാജരായ അഭിഭാഷകന് ടി.ഷാജിത്തും നാല് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ജോണ്‍ ജോണുമാണ് കോടതിയില്‍ ഏറ്റുമുട്ടിയത്. അഡ്വക്കേറ്റ് ഷാജിത്ത് സാക്ഷി മൊഴിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചോദിക്കുന്നു എന്നായിരുന്നു ജോണ്‍ ജോണ്‍ വക്കീലിന്റെ പരാമര്‍ശം. വാര്‍ത്തകള്‍ വരാന്‍ വേണ്ടിയാണ് അഡ്വ. ജോണ്‍ ജോണ്‍ ഈ കോലാഹലം കാട്ടുന്നത് എന്ന് ഷാജിത്ത് തിരിച്ചടിച്ചു. 11 പ്രതികളുടെ ജാമ്യപേക്ഷ വിചാരണ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.