ഏഷ്യാ കപ്പിന് ഇന്ന് കൊടിയേറും; ഇന്ത്യ-പാക് പോരാട്ടം നാളെ.
1 min readദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. നാളെയാണ് ഇന്ത്യപാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.
ഇനിയുള്ള രണ്ടാഴ്ച യുഎഇയെ ചൂട് പിടിപ്പിക്കുക ഏഷ്യാ കപ്പിന്റെ പോരാട്ട കാഴ്ചകളാകും. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക. ഇതില്‍ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പില്‍ വരും. ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനും ബി ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്കെത്തും. അവിടെ പരസ്പരം മത്സരിക്കും. മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഫൈനലിലെത്തും.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ തന്നെ കൂട്ടത്തിലെ കരുത്തര്‍. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിര ശക്തമാണ്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി വിരാട് കോലിക്ക് ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാകും ഏഷ്യാ കപ്പ്. പേസര്‍ ജസ്പ്രീത് ബുമ്ര ടീമില്‍ ഇല്ലാത്തത് ബൗളിംഗിന്റെ മാറ്റ് അല്‍പ്പം കുറച്ചേക്കാം.
ബാബര്‍ അസം നയിക്കുന്ന പാകിസ്ഥാന്‍ താരതമ്യേന സന്തുലിതമാണ്. പരിക്കേറ്റ ഷഹീന്‍ ഷാ അഫ്രീദി ഇല്ലാത്തത് തിരിച്ചടിയായേക്കും. ക്വാളിഫയര്‍ റൗണ്ടിലെ അട്ടിമറി ജയത്തോടെ എത്തിയ ഹോംങ്കോംഗ് അട്ടിമറി പ്രതീക്ഷയിലാണ്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ഫോര്‍ യോഗ്യത സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്.
ബി ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ സൂപ്പര്‍ ഫോറിലെത്തുമെന്നത് പ്രവചിക്കാന്‍ പോലുമാകില്ല. ഏറെക്കുറെ തുല്യശക്തികളാണ് മൂന്ന് ടീമും. പഴയ പ്രതാപത്തിന്റെ നിഴല്‍ പോലുമാകാന്‍ ലങ്കക്ക് കഴിയുന്നില്ലെങ്കിലും ദാസുന്‍ ശനകയും കൂട്ടരും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളുടെ കൂടാരമാണ് അഫ്ഗാനിസ്ഥാന്‍. നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഷാക്കിബ് അല്‍ ഹസന്റെ പിന്‍ബലത്തിലാണ് ബംഗ്ലദേശ്.