ശ്വാനപ്രേമികള്‍ക്ക് വിജയകാന്ത് എന്നും പ്രിയങ്കരന്‍

1 min read

വിജയകാന്തിനെ നടന്‍ എന്ന നിലയില്‍ സിനിമാലോകം ഓര്‍ക്കുമ്പോള്‍ കോഴിക്കോട്ടെ കെന്നല്‍ ക്ലബ്ബുകാര്‍ക്ക് പറയാനുള്ളത് അദ്ദേഹത്തിന്റെ നായപ്രേമത്തെക്കുറിച്ചാണ്. കോഴിക്കോട്ടെ പ്രധാന ശ്വാനപ്രദര്‍ശനങ്ങളില്‍ തന്റെ ഓമനകളുമായി മകന്‍ വിജയ് പ്രഭാകരനെ വിജയകാന്ത് പറഞ്ഞയക്കാറുണ്ടായിരുന്നു. രാഷ്ട്രീയത്തിനും സിനിമയ്ക്കും പുറമേ വിജയകാന്തിനും കുടുംബത്തിനും ഡോഗ് ഷോകളോട് വലിയകമ്പമായിരുന്നു. കോഴിക്കോട്ട് സാമൂതിരി സ്‌കൂള്‍ഗ്രൗണ്ടിലും മറൈന്‍ഗ്രൗണ്ടിലുമൊക്കെ നടന്ന പ്രദര്‍ശനങ്ങളില്‍ വിജയകാന്തിന്റെ വളര്‍ത്തുനായകള്‍ സമ്മാനം നേടിയിട്ടുണ്ട്. ‘മിസ്റ്റര്‍ ബിഗ്’ എന്ന് വിജയകാന്ത് വിളിക്കുന്ന ബ്ലാക്ക് സ്റ്റാന്‍ഡേഡ് പൂഡിലും സൈബീരിയന്‍ ഹസ്‌കിയും ദേശീയതലത്തില്‍ത്തന്നെ അംഗീകാരം ലഭിച്ചവരാണ്. എഫ്.സി.ഐ. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും മദ്രാസ് കനൈന്‍ ക്ലബ്ബ് ഷോയിലും ‘ബെസ്റ്റ് ഇന്‍ ഷോ’ സ്വന്തമാക്കിയ നായകളുമായാണ് വിജയകാന്തിന്റെ മക്കളായ വിജയ് പ്രഭാകരനും ഷണ്‍മുഖപാണ്ഡ്യനും കേരളത്തില്‍ പ്രദര്‍ശനത്തിനെത്താറെന്ന് മലബാര്‍ കനൈന്‍ ക്ലബ്ബ് സെക്രട്ടറി അരങ്ങില്‍ ഗിരീഷ് പറയുന്നു. അഫ്ഗാന്‍ഹൗണ്ട്, ചിപ്പിപാറ, രാജപാളയം, ഗ്രേറ്റ്‌ഡെയ്ന്‍, ഡാല്‍മേഷ്യന്‍, ഗോള്‍ഡന്‍ റിട്രീവര്‍, ബോക്‌സര്‍ തുടങ്ങി ഭംഗിയും ശൗര്യമുള്ള നാല്‍പ്പതോളം നായകളുമുണ്ട് വിജയകാന്തിന്റെ കെന്നലില്‍.

Related posts:

Leave a Reply

Your email address will not be published.