വിസ്താരക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

1 min read

മുംബൈ:ദുബായിലേക്കു യാത്ര ചെയ്യുന്നതിനിടെ വിസ്താര എയര്‍ലൈന്‍സില്‍ നിന്നു നേരിട്ട മോശം അനുഭവം ട്വിറ്ററില്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ദുബായിലേക്ക് പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് വിമാന ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് ഇര്‍ഫാന്റെ ആരോപണം. ഭാര്യയോടും മക്കളോടുമൊപ്പം കൗണ്ടറില്‍ ഒരു മണിക്കൂറിലധികം കാത്ത് നിര്‍ത്തിയെന്നും ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറിയെന്നും പഠാന്‍ ആരോപിക്കുന്നു.

പോസ്റ്റ് ഇങ്ങനെ

”ഇന്ന്, ഞാന്‍ മുംബൈയില്‍ നിന്ന് വിസ്താരയുടെ ഫ്‌ലൈറ്റ് യുകെ201ല്‍ ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചെക്ക്ഇന്‍ കൗണ്ടറില്‍ വെച്ച് എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി, നേരത്തേ ബുക്ക് ചെയ്ത് കണ്‍ഫേം ആയ എന്റെ ടിക്കറ്റ് ക്ലാസ് വിസ്താര അനുവാദമില്ലാതെ ബോധപൂര്‍വം തരംതാഴ്ത്തുകയായിരുന്നു. ഇതു പരിഹരിച്ച് കിട്ടാന്‍ എനിക്ക് ഒന്നര മണിക്കൂര്‍ കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ടി വന്നു.
ഭാര്യയ്ക്കും എട്ടു മാസവും അഞ്ചു വയസും പ്രായമുള്ള കുട്ടികള്‍ക്കും എനിക്കൊപ്പം ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു. മറ്റ് ചില യാത്രക്കാര്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായി. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ടിക്കറ്റ് ശരിക്കുള്ള വിലയിലും കുറച്ച് വില്‍ക്കുന്നതെന്നും ഇതെങ്ങനെ മാനേജ്‌മെന്റ് അംഗീകരിക്കുന്നുവെന്നും എനിക്ക് മനസിലാകുന്നില്ല. ഈ സംഭവങ്ങളില്‍ ഉടനടി നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കണം’ എന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

സംഭവം വാര്‍ത്തയായതോടെ പ്രതികരണവുമായി വിമാനക്കമ്പനിയും രംഗത്തെത്തി. വിമാനക്കമ്പനിക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും സംഭവത്തെക്കുറിച്ച് മുന്‍ഗണനാടിസ്ഥാനത്തില്‍ അന്വേഷിക്കുകയാണെന്നും വിസ്താര മറുപടി നല്‍കി. ആവശ്യമായ എല്ലാ തിരുത്തല്‍ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിസ്താര അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.