വിവാദങ്ങളിൽ തളരാതെ നയൻതാര

1 min read

വിമർശനങ്ങളും വിവാദങ്ങളും കൂടെപ്പിറപ്പായിരുന്നു നയൻതാരയ്ക്ക്

ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ കൂട്ടിച്ചേർക്കുന്ന തിരക്കിലാണ് നടി നയൻതാരയും അവരുടെ ഭർത്താവ് വിഗ്‌നേഷ് ശിവനും. കഠിനാധ്വാനം കൈമുതലാക്കിയാണ് ഇരുവരും ഓരോ ഉദ്യമവും മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമയിലും, ജീവിതത്തിലും ബിസിനസിലും അങ്ങനെതന്നെ. ഒരു ടീം എന്ന നിലയിലാണ് എല്ലാ പ്രവർത്തിയും. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യുന്ന ഒരുപാട് നടിമാർ നയൻതാരയ്ക്ക് മുൻപും ശേഷവും വന്നിട്ടുണ്ട് എങ്കിലും നയൻതാരയോളം ആഘോഷിക്കപെട്ട ഒരാളും സിനിമാലോകത്ത് ഉണ്ടായിട്ടില്ല. എന്തുകൊണ്ട് സ്ത്രീകൾക്ക് ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിന്നാലെ പോയിക്കൂടാ എന്ന് ചോദിച്ചുകൊണ്ടാണ് തെന്നിന്ത്യൻ സിനിമയുടെ മുൻനിരയിലേക്ക് നയൻതാര എത്തിയത്.

വിമർശനങ്ങളും പരിഹാസങ്ങളും നിറഞ്ഞ പാതകളിലൂടെയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് നയൻതാര നടന്നു കയറിയത്. ഏറ്റവും അധികം ഗോസിപ്പ് കോളങ്ങളിലും വാർത്തകളിലും നിറഞ്ഞു നിന്നിട്ടും തല ഉയർത്തി അതിനെയൊക്കെ നേരിട്ടു താരം. അവതാരികയായി കരിയർ ആരംഭിച്ച ഒരു മലയാളി പെൺകൊടിയുടെ ഉയർച്ച അത്ഭുതത്തോടെയാണ് ഏവരും കണ്ടത്. തന്റെ സിനിമാ ജീവിതത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുകയാണിപ്പോൾ നയൻതാര.. ആരാധകരോട് നന്ദി പറഞ്ഞു താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പും ശ്രദ്ധേയമാകുന്നു.

”എന്റെ ആരാധകരോട്, ഇരുപതു വർഷമായി ഞാനിവിടെ നിൽക്കുന്നതിനു കാരണം നിങ്ങളാണ്.  എന്റെ കരിയറിന്റെ ഹൃദയത്തുടിപ്പ്, എന്നെ മുന്നോട്ട് നയിച്ചത്, തളർന്നു പോയപ്പോൾ താങ്ങി നിർത്തിയത്. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എന്റെ യാത്ര പൂർത്തിയാകുമായിരുന്നില്ല. എന്റെ ഒപ്പമുള്ളതും അല്ലാത്തതുമായ എല്ലാ ആരാധകരോടും, നിങ്ങൾ എനിക്ക് സ്‌പെഷ്യൽ ആണ്. ഒരു സിനിമ എന്നതിന് അപ്പുറം എന്റെ എല്ലാ പ്രോജക്ടുകളെയും മനോഹരമാക്കിയത് നിങ്ങളാണ്. ഈ നിമിഷത്തിന്റെ നാഴികക്കല്ല് ഞാൻ ആഘോഷിക്കുമ്പോൾ, നിങ്ങളെ കൂടിയാണ് ഞാൻ ആഘോഷിക്കുന്നത്. എന്റെ സിനിമ ജീവിതത്തിൽ രണ്ടു ദശാബ്ദമായി രൂപപ്പെടുത്തിയ അവിശ്വസനീയമായ പിന്തുണയും പ്രചോദനവും നൽകുന്ന ശക്തി നിങ്ങളാണ്”  നയൻതാര പറയുന്നു.

അവതാരികയായിട്ടാണ് തിരുവല്ലക്കാരി ഡയാന മറിയം ആദ്യം പ്രേക്ഷകർക്കു മുന്നിലെത്തിയത്. പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്… ജയറാമിനൊപ്പം മനസ്സിനക്കരെ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തുടർന്ന് രാപകൽ, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ‘അയ്യാ’ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തി. തുടരെത്തുടരെയുള്ള സിനിമകളും, ഗ്ലാമർ റോളുകളും സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പമുള്ള സ്‌ക്രീൻ സ്‌പേസുമൊക്കെയായി തമിഴ് സിനിമ, നയൻതാരയുടെ കരിയറിൽ മാറ്റങ്ങൾ കൊണ്ടു വന്നു. നയൻസിന്റെ ഡേറ്റിനായി സംവിധായകർ കാത്തിരുന്നു… പെട്ടെന്നുയർന്ന കരിയർ ഗ്രാഫിനെ തളർത്താൻ പാകത്തിൽ ഗോസിപ്പുകളും തിരിച്ചടികളും നയൻതാര നേരിട്ടു. പ്രണയബന്ധങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും വാഴ്ത്തി പാടിയവർ തന്നെ നയൻതാരയുടെ പോസ്റ്ററുകൾ വലിച്ചു കീറി അവരെ അപമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

നയൻസിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും നടന്നു. അവരുടെ കരിയർ അവസാനിച്ചു എന്ന് പലരും വിധി എഴുതി. പക്ഷെ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുനേറ്റ് വീണ്ടും പറന്നു നയൻതാര. വിമർശകർക്കു മുന്നിൽ നിവർന്നു നിന്ന് ബോൾഡായി അഭിപ്രായങ്ങൾ പറഞ്ഞു.. നായകനെ പോലെ തന്നെ നായിക വിചാരിച്ചാലും ഒരു സിനിമ വിജയിപ്പിക്കാൻ കഴിയും എന്ന് തെളിയിക്കുന്ന നയൻതാരയെ ആണ് പിന്നീട് നാം കണ്ടത്. നായകന്മാർക്കൊപ്പവും അതിനേക്കാളും പ്രതിഫലം വാങ്ങുന്ന താരമായി വളർന്നു ഈ തിരുവല്ലക്കാരി.. വിവാദങ്ങൾക്ക് മറുപടി പറയാൻ നയൻതാര മുതിർന്നില്ല.. എന്നെയതൊന്നും ബാധിക്കുന്നേയില്ല എന്ന നിലപാട് തന്നെ ആയിരുന്നു അവരുടെ വിജയവും.

തമിഴിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് നയൻതാര ചിമ്പുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് 2009 ൽ ആണ് നയൻതാരയും പ്രഭുദേവയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പുറത്ത് വന്ന് തുടങ്ങിയത്. നയൻതാരയുടെ മതംമാറ്റവും പ്രഭുദേവയുടെ പേര് കൈത്തണ്ടയിൽ പച്ച കുത്തിയയതുമൊക്കെ വാർത്തകളിൽ ഇടം നേടി. ഇരുവരും സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്ത് തങ്ങളുടെ പ്രണയ കഥയ്ക്ക് ശക്തി പകർന്നു. നയൻതാരയുമായി പ്രണയത്തിലാകുമ്പോൾ പ്രഭുദേവ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിരുന്നു. തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ നയൻതാര ശ്രമിക്കുന്നു എന്നാരോപിച്ച് പ്രഭുദേവയുടെ ഭാര്യ റംലത്ത് കോടതി കയറിയതോടെ ഇവരുടെ പ്രണയം വലിയ വിവാദമായി മാറി.

നർത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രഭുദേവയെ വിവാഹം ചെയ്ത ശേഷം അവർ മതം മാറി ലത എന്ന പേര് സ്വീകരിച്ചിരുന്നു, അതുപോലെ നയൻതാരയും മതം മാറി എന്നതായിരുന്നു പിന്നീടുള്ള ആരോപണം. പ്രഭുദേവയുമായി നയൻതാരയുടെ ലിവിങ് റിലേഷൻ അവസാനിപ്പിക്കണം എന്നും അവർ ഒരു മോശം സ്ത്രീ ആണെന്നും അവരെ കണ്ടാൽ അടിക്കുമെന്നുമൊക്കെ അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ റംലത്ത് വിളിച്ചു കൂവി.  പ്രഭുദേവയുമായുള്ള ബന്ധവും പിരിഞ്ഞതോടെ ഏറെ മോശമായ ഒരു മാനസികാവസ്ഥയിൽ കൂടിയാണ് നയൻതാര കടന്നു പോയത്. വിഗ്‌നേഷുമായുള്ള പ്രണയം ആരംഭിച്ചപ്പോഴും വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും ഒരു കുറവും ഉണ്ടായില്ല. തന്നെക്കാൾ പ്രായം കുറഞ്ഞ സംവിധായകനെ പ്രണയിക്കുന്നു എന്നത് ആയിരുന്നു പിന്നീടുള്ള വിവാദങ്ങൾ.

തന്നെക്കാൾ ഒരു വയസ് പ്രായം കുറഞ്ഞ ഭർത്താവ് ആണ് തനിക്ക് ഉള്ളത് എന്ന് സ്വല്പം അഹങ്കാരത്തോടെ തന്നെ പറയുന്നതിൽ നയൻതാര എന്ന 39 കാരിക്ക് ഒരു പ്രശ്‌നവും ഇല്ല എന്നത് അവർ പറയാതെ പറഞ്ഞു കഴിഞ്ഞതാണ്. വിവാദങ്ങൾ നയൻതാരയെ വിട്ട് അകലുന്നേയില്ല എന്നതിന്റെ തെളിവ് ആയിരുന്നു ഇവരുടെ വിവാഹവും കുട്ടികളുടെ ജനനവുമൊക്കെ. വിവാഹം ബിസിനസ് ആക്കി, കോടികൾക്ക് വിവാഹ വീഡിയോ വിറ്റു, സൗന്ദര്യം പോകുമെന്ന് പേടിച്ച് സറോഗസിയിലൂടെ കുട്ടികൾക്ക് ജന്മം നൽകി ഇങ്ങിനെ പോകുന്നു വിവാദങ്ങളും ഗോസിപ്പുകളും. പക്ഷെ ഇതൊന്നും അവരെ തളർത്തുന്നില്ല, അവർ തളരുമെന്നു കരുതുന്നവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുകയാണ് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര.

നയൻതാരയുടെ ഇന്നത്തെ ആസ്തി ഏവരെയും കണ്ണുതള്ളിയ്ക്കുന്നതാണ്. 2023 ലെ കണക്കുകൾ പ്രകാരം അവരുടെ ആസ്തി, 200 കോടി രൂപയാണ് . തന്റെ സ്വകാര്യ ആവശ്യങ്ങൾക്കും ജോലി സംബന്ധമായ യാത്രയ്ക്കും വേണ്ടി സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് നയൻതാര. ബിഎംഡബ്ല്യു 5 എസ് സീരീസിലാണ് നയൻസിന്റെ കൂടുതൽ യാത്രകളും. ഒരു മെഴ്‌സിഡസ് ജിഎൽഎസ് 350 ഡി, ഫോർഡ് എൻഡവർ, ഒരു ബിഎംഡബ്യൂ 7 സീരീസ്, ഇന്നോവ ക്രിസ്റ്റ എന്നിവയാണ് താരത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ. ഈ കാറുകളുടെ വില മാത്രം ഏകദേശം അഞ്ചു കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ഇതിനെല്ലാം പുറമെ ബിസിനസിലും താരമിപ്പോൾ സജീവമാണ്.

Related posts:

Leave a Reply

Your email address will not be published.