ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു

1 min read

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, കിരണ്‍ റിജിജു, ബി.ജെ.പി നേതാവ് സുനില്‍ ഝാക്കര്‍, ബി.ജെ.പി പഞ്ചാവ് അധ്യക്ഷന്‍ അശ്വനി ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ക്യാപ്റ്റന്‍ കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രി അമിത്ഷാ എന്നിവരുമായി അമരീന്ദര്‍ സിങ് ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയ താത്പര്യത്തിനപ്പറം രാജ്യ താത്പര്യം എന്നും ഉയര്‍ത്തിപ്പിടിച്ച ആളായിരുന്നു അമരീന്ദര്‍ സിങ്ങെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

രാജ്യത്തെ ശരിയായി ചിന്തിക്കുന്ന ആളുകള്‍ ഒരുമിച്ച് നില്‍ക്കണം. പഞ്ചാബിനെ പോലുള്ള ഒരു സംസ്ഥാനത്തെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമരീന്ദര്‍ രാജ്യസുരക്ഷയ്ക്കുപ്പറം രാഷ്ട്രീയ താല്‍പര്യത്തെ കണ്ടിരുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് അമരീന്ദര്‍ സിങ്ങിനെ മാറ്റി ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. പക്ഷെ തുടര്‍ന്ന് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുകയുമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.