ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കല്‍; അനീതിയെന്ന് കോണ്‍ഗ്രസ്
1 min readകോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നിലവില്‍ പകര്‍പ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം.
ഇനി വീണ്ടും കേസ് പരിഗണിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്ന നിര്‍ദ്ദേശമാണ് ട്വിറ്ററിന് കോടതി നല്‍കിയിരുന്നത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ രാഹുലിനെ പ്രമോട്ട് ചെയ്യുന്ന രീതിയില്‍ കെജിഎഫ് 2 സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തല സംഗീതം കൂടി ചേര്‍ത്ത് കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെയും ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും ഒക്കെ പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മ്യൂസിക് കംപോസര്‍മാര്‍ തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് ഏകപക്ഷീയമായ നടപടി എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതികരിക്കുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവ് ഇപ്പോള്‍ പുറപ്പെടുവിച്ചതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ തന്നെ സമീപിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ ഒരു അനീതിയാണ് നടന്നത് എന്ന വിശദീകരണമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. കെജിഎഫ് 2 ലെ പാട്ടിന്റെ കൃത്യമായ പകര്‍പ്പ് അവകാശമോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു നീക്കം നടത്തിയത് അംഗീകരിക്കാനാകില്ലെന്നാണ് മ്യൂസിക് കമ്പനി നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നത്.