ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ചോരവാര്‍ന്ന് യാത്രക്കാരന്‍; വാഹനം നിര്‍ത്തി സഹായവുമായി എം കെ സ്റ്റാലിന്‍
1 min readചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഇതേ സമയത്താണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹനവ്യൂഹം അതേവഴി കടന്നു പോയത്. അപകടം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി റോഡില്‍ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാന്‍ നേതൃത്വം നല്‍കി.
ചൂളൈമേട് സ്വദേശിയായ അരുള്‍രാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡില്‍ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയില്‍ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരില്‍ ഒരാളെയും ഒപ്പം അയച്ചതിന് ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നത്. അതേസമയം, രണ്ടാഴ്ട മുമ്പാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വീണ്ടും ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിക്കുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരായ ദുരൈമുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലു ട്രഷററായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് തങ്ങളുടെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ വേദിയില്‍ എത്തിയ മുഖ്യമന്ത്രിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. അന്തരിച്ച പാര്‍ട്ടി കുലപതി എം കരുണാനിധിയുടെ ഇളയ മകനായ 69 കാരനായ സ്റ്റാലിന്‍ ഡിഎംകെ ട്രഷറര്‍, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിന്‍. 1969ല്‍ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണും ഡിഎംകെ സ്ഥാപകനുമായ സി എന്‍ അണ്ണാദുരൈ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. 1949ലാണ് ഡിഎംകെ സ്ഥാപിതമായത്. 1969ല്‍ അദ്ദേഹത്തിന്റെ അന്ത്യം വരെ ഉയര്‍ന്ന പദവി വഹിച്ചിരുന്നത് അണ്ണാദുരൈ തന്നെ ആയിരുന്നു