കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷം; കനത്ത ആൾനാശമെന്നു റിപ്പോര്‍ട്ട്
1 min readകീവ്: യുക്രെയ്ന് തലസ്ഥാനമായ കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷമെന്ന് റിപ്പോർട്ട്. നിരവധി സ്ഫോടനങ്ങൾ കേട്ടെന്നും കനത്ത ആൾനാശം സംശയിക്കുന്നതായും യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ – ക്രൈമിയ പാതയിലെ പ്രധാന പാലം തകര്‍ത്തതിന്റെ തിരിച്ചടിയാണ് ആക്രമണമെന്നാണ് സൂചന. പാലം തകര്‍ത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ നിലപാട്.
യുക്രെയ്ന് യുദ്ധത്തിനിടെ ക്രൈമിയ ഉപദ്വീപിനെ റഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ വന്‍ സ്ഫോടനമാണ് നടന്നത്. 2014 ലെ യുദ്ധത്തില്‍ യുക്രെയ്നില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാതയായ കെര്‍ച്ച് പാലത്തിലാണ് സ്ഫോടനം ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 06.07 ന് ഉണ്ടായ സ്ഫോടനം യുദ്ധത്തിന്റെ ദിശ മാറ്റി വിടുകയാണ്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനു കീഴില്‍ റഷ്യ നിര്‍മിച്ച ‘നൂറ്റാണ്ടിലെ നിര്‍മിതി’യെന്നും മറ്റും റഷ്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയതും ഏറെ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമായ പാലത്തിലെ സ്ഫോടനം യുക്രൈയ്ന് യുദ്ധത്തിനിടെ റഷ്യന്‍ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇത് തുടക്കം മാത്രമാണെന്നാണ് യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കിയുടെ പ്രതികരണം. ഇതിനുള്ള മറുപടിയായാണ് റഷ്യന്‍ ആക്രമണം.