തരൂരിന് ജനങ്ങളുമായുള്ള ബന്ധം കുറവ്; യോഗ്യന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെന്നു കെ.മുരളീധരന്
1 min readതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണയ്ക്കാതെ കെ മുരളീധരന്. ശശി തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറവാണ്. തന്നെപ്പോലെയുള്ളവരുടെ വോട്ട് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ നേരിടാന്‍ ബഹുജനമുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ്സറിയുന്നവര്‍ അധ്യക്ഷനാവണമെന്നാണ് തന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അതിന് സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടുമുതല്‍ ഉയര്‍ന്നുവെന്ന ഖാര്‍ഗെയെപ്പോലെയുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ തരൂരിന് എതിരാണെന്നല്ല ഇതിന്റെ അര്‍ഥം. സഭയ്ക്ക് അകത്തും പുറത്തും ബിജെപിക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. തരൂരിന് സാധാരണ ജനങ്ങളുമായിട്ടുള്ള ബന്ധം അല്പം കുറവാണ്. തരൂര്‍ വളര്‍ന്നുവന്ന സാഹചര്യം അതാണ്. അതുകൊണ്ട് കുറ്റം പറയാനും പറ്റില്ല. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഖാര്‍ഗയെപ്പോലെയുള്ളവര്‍ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്ന് മുരളീധരന് വിശദീകരിച്ചു.