ദിനേഷ് കാര്‍ത്തിക്കിന്റെ സ്ഥാനം കമന്ററി ബോക്‌സില്‍.
1 min readമുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിനെ ഇനിയും ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്ന വാദവുമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവന്‍ വലിയ മത്സരങ്ങള്‍ക്കുള്ളതാണെന്നു തോന്നണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്കായി ഒരു ട്വന്റി20 മത്സരവും കളിച്ചിട്ടില്ലാത്ത മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജഡേജയുടെ നിലപാട്.
”പതിവു രീതി മാറി ആക്രമണ ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യ ടീം സിലക്ഷനും മാറ്റേണ്ടിവരും. രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ടെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിനെയും കളിപ്പിക്കേണ്ടിവരും. ടീമിന് ഇന്‍ഷുറന്‍സ് പോലെയാണ് കാര്‍ത്തിക്ക്. ഈ രണ്ടു താരങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ കാര്‍ത്തിക്കിനും അവിടെ സ്ഥാനമില്ല. കാര്‍ത്തിക്കിനെ ഞാന്‍ !ടീമിലെടുക്കില്ല. അദ്ദേഹത്തിന് എന്റെയൊപ്പം കമന്ററി ബോക്‌സില്‍ ഇടം ലഭിക്കും. കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ചതാണ്.’ എം.എസ്. ധോണിയുടെ സ്‌റ്റൈലിലാണു സിലക്ഷനെങ്കില്‍ കോലി, രോഹിത്, കാര്‍ത്തിക്ക് എന്നിവരെ ഉള്‍പ്പെടുത്താം. എന്നാല്‍ ആധുനിക ക്രിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കേണ്ടിവരും. കോലി ഫോമിലാണോ, അല്ലയോ എന്നത് അനുസരിച്ച് അദ്ദേഹത്തിന്റെ കാര്യവും തീരുമാനിക്കണം”അജയ് ജഡേജ വ്യക്തമാക്കി. ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ടീമില്‍ ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തിയിരുന്നു. ട്വന്റി20 ലോകകപ്പിലും ദിനേഷ് കാര്‍ത്തിക്ക് കളിക്കുമെന്നാണു വിവരം.