കണ്ണെത്താ ദൂരത്തോളം സൂര്യകാന്തികള്‍

1 min read

സൂര്യകാന്തിയും വിളയെടുപ്പിനായി കാത്തിരിക്കുന്നു. പൂക്കള്‍ മാത്രമല്ല അരിയും പച്ചക്കറികളും സമൃദ്ധമായി വിളയുന്ന പ്രദേശമാണ് സുന്ദരപാണ്ഡ്യപുരം. മലയാളികളുടെ സദ്യയും മനസ്സും സമൃദ്ധമാക്കാന്‍ വെയിലിനെ തോല്‍പ്പിച്ച് പണിയെടുക്കുന്ന കര്‍ഷകരുടെ ഗ്രാമം. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ തെങ്കാശിക്കടുത്താണ് സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ കൂടിയായ സുന്ദരപാണ്ഡ്യപുരം. ഓണമൊരുങ്ങുന്ന സുന്ദരപാണ്ഡ്യപുരം തേടിയുള്ള യാത്ര. കേരളത്തില്‍ പൂവിളികളുടെ കരഘോഷം മുഴങ്ങും മുമ്പേ ഇവിടുത്തെ അഗ്രഹാര വീഥികളിലൂടെ പൂപ്പാടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം. തെന്മല ആര്യങ്കാവ് വഴി തെങ്കാശി കഴിഞ്ഞ് ഏഴുകിലോമീറ്റര്‍ പിന്നിട്ടാല്‍ തമിഴ്‌നാടിന്റെ ഗ്രാമീണസൗന്ദര്യം തെളിഞ്ഞുതുടങ്ങും.

വിണ്ണില്‍ നിന്നിറങ്ങി വന്ന് പൂത്തുനില്‍ക്കുന്ന ആയിരം സൂര്യന്മാരെ പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു സൂര്യകാന്തിപ്പൂക്കള്‍. ജൂലൈ അവസാനം മുതല്‍ ഓഗസ്റ്റ് വരെ സുന്ദരപാണ്ഡ്യപുരത്തിന് സൂര്യകാന്തിപ്പൂക്കളാണ്. കൃഷിയിടത്തിലെ ഇടവിളയാണ് സൂര്യകാന്തി. ഗ്രാമങ്ങളുടെ രക്ഷകനായ ‘കുല ദൈവത്തിന്’ കാണിക്ക സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയാണ് ഇവിടുത്തെ കര്‍ഷകര്‍ കൃഷി ചെയ്യാനിറങ്ങുന്നത്.ഏപ്രില്‍ മെയ് മാസങ്ങളില്‍ വിത്തു വിതച്ച് മൂന്നുമാസത്തിനുശേഷം വിളവെടുക്കുന്ന രീതിയിലാണ് സൂര്യകാന്തി കൃഷി. ക്ലാരറ്റ്, സണ്ണി, ലമണേഡ്, മൗലിന്‍ റൂഷ് എന്നിങ്ങനെ നിറവും ഉയരവും കണക്കാക്കി സൂര്യകാന്തികളെ തരംതിരിച്ചിട്ടുണ്ട്. മറ്റു പൂക്കളെ പോലെ അല്‍പായുസ്സുകാരല്ല സൂര്യകാന്തിപ്പൂക്കള്‍. കാഴ്ചക്കാര്‍ക്ക് മുഴുവന്‍ സന്തോഷം നല്‍കി മാസങ്ങളോളം നിന്ന് ശോഭമങ്ങി ഇതള്‍കൊഴിഞ്ഞ് ഉണങ്ങിയ ശേഷമാണ് സൂര്യകാന്തിയുടെ വിത്ത് കര്‍ഷകര്‍ ശേഖരിക്കുന്നത്. സുന്ദരപാണ്ഡ്യപുരത്ത് മാത്രമല്ല തെങ്കാശിക്ക് സമീപമുള്ള സാമ്പര്‍, വടകരൈ, ആയ്ക്കുടി എന്നിവിടങ്ങളിലും ആയിരക്കണക്കിനേക്കര്‍ പാടത്ത് സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്.

സൂര്യകാന്തിച്ചെടികളുടെ ഇടയിലെ കള പറിച്ചെടുക്കുന്ന തമിഴ്‌പ്പെണ്ണുങ്ങള്‍. പടം പിടിക്കാനും സംസാരിച്ചു നില്‍ക്കാനും സമയമില്ലെന്നു പറഞ്ഞെങ്കിലും ക്യാമറയ്ക്ക് നേരെ നോക്കി സൂര്യകാന്തിപ്പൂവിന്റെ ശോഭയെ വെല്ലുന്നൊരു ചിരി സമ്മാനിച്ചു. രാവിലെ മുതല്‍ വൈകിട്ടുവരെ ജോലി ചെയ്താല്‍ നൂറോ നൂറ്റമ്പതോ കൂലി കിട്ടും. ലളിതമായ കാര്‍ഷികജീവിതത്തിന്റെ നേര്‍ക്കാഴ്ച. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാര്‍ഗം. നെല്ല്, ചോളം, തക്കാളി, വെണ്ടയ്ക്ക, മുരിങ്ങ, മുളക്, സവാള, മല്ലിയില, വാഴ തുടങ്ങി കൃഷിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാണ് ഈ നാട്. മലയാളികള്‍ക്ക് ഓണമുണ്ണാനും പൂക്കളമൊരുക്കാനും മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കാര്‍ഷികഗ്രാമം.

സുന്ദരപാണ്ഡ്യപുരത്തെ ക്രമസമാധാനപാലനം നാട്ടുക്കൂട്ടത്തിന്റെ ചുമതലയാണ്. പരാതികളും പിണക്കങ്ങളും പരിഭവങ്ങള്‍ക്കുമെല്ലാം അതാതു സ്ഥലത്തെ നാട്ടുക്കൂട്ടം പരിഹാരം കാണും. തങ്ങള്‍ക്ക് പരിഹരിക്കാന്‍ പറ്റുന്നതിലും വലിയ പ്രശ്‌നമാണെങ്കില്‍ മാത്രമേ െപാലീസും കോടതിയുമെല്ലാം ഇടപെടേണ്ടതുള്ളൂ. ഇതുപോലെ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആചാരങ്ങളും വിശ്വാസങ്ങളുമാണ് സുന്ദരപാണ്ഡ്യപുരത്തെ മറ്റ് ഗ്രാമങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.