കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി- തേജസ്വി യാദവ്

1 min read

പാറ്റ്‌ന: പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസിന്റെ പ്രസക്തി സംബന്ധിച്ച് മറ്റുള്ളവര്‍ പ്രായോഗികമായി ചിന്തിക്കണമെന്നും ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദും കാണുമെന്നും തേജസ്വി യാദവ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ ലക്ഷ്യമായി മാറണമെന്നും തേജസ്വി യാദവ് പറഞ്ഞു.

‘മികച്ചൊരു തുടക്കം ബിഹാറില്‍ നിന്നും ഉണ്ടായിട്ടുണ്ട്,അതൊരു മാതൃകയാണ്. അത് മറ്റുള്ളയിടങ്ങളിലും ആവര്‍ത്തിക്കണം. നിതീഷ് കുമാര്‍ നിരവധി നേതാക്കളെ കണ്ടിട്ടുണ്ട്, ലാലുജിയും സംസാരിച്ചിട്ടുണ്ട്, ഞാനും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സോണിയാജി തിരിച്ചെത്തിക്കഴിഞ്ഞാല്‍, മുന്നോട്ടുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ നിതീഷ്ജിയും ലാലുജിയും അവരെ കാണും.

കഴിഞ്ഞ മാസം, ബിജെപിയുമായുള്ള ജെഡിയു സഖ്യം നിതീഷ് അവസാനിപ്പിക്കുകയും ബിഹാറില്‍ പുതിയ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുമായി കൈകോര്‍ക്കുകയും ചെയ്തിരുന്നു. ഇത് പ്രതിപക്ഷ നിരയില്‍ പുതിയ പ്രതീക്ഷയുണ്ടാക്കിയെന്നും വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി ഇത് അനുഭവപ്പെടുമെന്നും. ഇത് വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്തുവെന്നും തേജസ്വി യാദവ് പറഞ്ഞു.

ഇത് തീര്‍ച്ചയായും ഒരു മാറ്റമുണ്ടാക്കും. ജെഡിയു വിട്ടതോടെ ബിജെപിയുടെ ബിഹാറിലെ ശക്തി കുറഞ്ഞു. കണക്കുകള്‍ നോക്കിയാല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡിയു, ഇടതുപക്ഷ പാര്‍ട്ടികളുടെ സംയുക്ത വോട്ട് വിഹിതം 50 ശതമാനത്തിന് മുകളിലാണ്. ബിഹാറില്‍ 40ല്‍ 39 സീറ്റുകള്‍ നേടിയ പ്രകടനം ബിജെപി ആവര്‍ത്തിക്കാന്‍ പോകുന്നില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റുകളാണ് ലഭിച്ചത്, അത് ഇനി സംഭവിക്കാന്‍ പോകുന്നില്ല. നമ്മള്‍ കൈകോര്‍ക്കുകയും തന്ത്രവുമായി പോരാടുകയും ചെയ്താല്‍, ബിജെപി തീര്‍ച്ചയായും വീഴും എന്നും തേജസ്വി യാദവ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.