ദില്ലിയില്‍ പിടിയിലായ ചൈനാക്കാരി ചാരവനിതയോ? അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്

1 min read

ഡല്‍ഹി: ചൈനീസ് വനിതയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരിലേക്കും ഇവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്.

ബുദ്ധ മത വിശ്വാസിയായി സന്യാസ ജീവിതം അനുഷ്ഠിക്കാനെന്ന പേരില്‍ ഇന്ത്യയിലെത്തിയ ഇവര്‍ ചാരപ്രവര്‍ത്തിയിലാണ് ഏര്‍പ്പെട്ടിരുന്നത് എന്ന സംശയത്തെ തുടര്‍ന്നാ അറസ്റ്റിലായത്. രണ്ട് ദിവസം മുന്‍പ് ദില്ലി പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ സിറ്റി സ്വദേശിയായ സൈ റൂ ആണ് പിടിയിലായ വനിത. നേപ്പാള്‍ ഐഡന്റിറ്റി കാര്‍ഡുമായാണ് ഇവര്‍ ദില്ലിയില്‍ ബുദ്ധ സന്യാസിനിയായി ജീവിച്ചുപോന്നത്. ഇവര്‍ക്ക് 50 നടുത്ത് വയസ് പ്രായമുണ്ട്.

ആദ്യം 2019 ലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. അന്ന് ചൈനീസ് പാസ്‌പോര്‍ട്ടായിരുന്നു കൈയ്യിലുണ്ടായിരുന്നത്. 2020 ല്‍ ഇവര്‍ തിരികെ ചൈനയിലേക്ക് പോയി. പിന്നീട് 2022 സെപ്തംബറില്‍ തിരിച്ചെത്തി. 2019 ല്‍ വന്നപ്പോള്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടാം വരവില്‍ താമസം ദില്ലിയിലെ മജ്‌നു കാ ടിലയിലേക്ക് മാറ്റി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ബുദ്ധ മത വിശ്വാസിയാണെന്നും ഇതിനായാണ് ഇന്ത്യയിലെത്തിയത് എന്നുമാണ് ഇവര്‍ പറഞ്ഞത്.

അറസ്റ്റിലാകുമ്പോള്‍ ഇവരുടെ പക്കല്‍ നേപ്പാള്‍ ഐഡന്റിറ്റി കാര്‍ഡാണ് ഉണ്ടായിരുന്നത്. ഡോല്‍മ ലാമ എന്ന പേരില്‍ കാഠ്മണ്ടു സ്വദേശിയെന്നാണ് ആ ഐഡന്റിറ്റി കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ചൈനാക്കാരിയാണെന്ന് മനസിലായത്.

Related posts:

Leave a Reply

Your email address will not be published.