10 മന്ത്രിമാര്‍ക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു; വില 3,22,20,000
1 min readതിരുവനന്തപുരം: സംസ്ഥാനത്ത് 10 മന്ത്രിമാര്‍ക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങള്‍ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ചു. വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിമാര്‍ അവര്‍ ഉപയോഗിച്ചു വരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നല്‍കണം.
മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു.
നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സമര്‍പ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങള്‍ വാങ്ങാനേ ധനവകുപ്പ് അനുമതി നല്‍കിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.
English Summary: 10 More news Innova Crysta cars for Kerala ministers