ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി വിമര്‍ശിച്ച് സിപിഎം

1 min read

Malayali News Desk

തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി വിമര്‍ശിച്ച് സിപിഎം. ബോധപൂര്‍വം കൈവിട്ട കളിയാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് സിപിഎം നേതൃയോഗങ്ങള്‍ക്കു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഈ ഘട്ടത്തില്‍ പാര്‍ട്ടി ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുണ്ടെന്നും തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ആരോപിച്ചു.
സാധാരണ രീതിയില്‍ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോടിയേരി പറഞ്ഞു. ഗവര്‍ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. എന്നാല്‍, അങ്ങനെയുള്ള പ്രവര്‍ത്തനമല്ല ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത്തരം നടപടികള്‍ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഗവര്‍ണറുടെ പരസ്യമായ അഭിപ്രായങ്ങളോട് ഇതുവരെ പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നതുകൊണ്ടാണ് ഇപ്പോള്‍ പാര്‍ട്ടിയും പരസ്യമായി അഭിപ്രായം പറയുന്നത്. കോടിയേരി പറഞ്ഞു.

”മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം അട്ടിമറിച്ചിട്ടുള്ളത്. സമാനമായ സ്ഥിതിയിലേക്കു കേരളത്തെ എത്തിക്കാനുള്ള ചില നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭ കൂടേണ്ട സ്ഥിതിയാണ്. ഗവര്‍ണറുടെ സമീപനം കേരളത്തില്‍ പരിചയമില്ലാത്തതാണ്. ഓര്‍ഡിനന്‍സിന് അനുമതി നല്‍കാതിരിക്കുമ്പോള്‍ അതിന്റെ കാരണവും വ്യക്തമാക്കണം. സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്കുള്ളത്. ആ അധികാരം കൊടുക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം കോടിയേരി ചൂണ്ടിക്കാട്ടി.

”മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് നേതൃയോഗങ്ങളില്‍ പരിശോധിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി നല്‍കും. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ലോകായുക്ത വിഷയത്തില്‍ സിപിഐയുമായി നേരത്തെ ചര്‍ച്ച നടത്തി. അവരുമായി ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂ.’ – കോടിയേരി പറഞ്ഞു.

”ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടം ഉണ്ടായിട്ടില്ല. എല്ലാക്കാലത്തും പൊലീസ് വിമര്‍ശനത്തിനു വിധേയരാണ്. ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയറുടെ നടപടി തെറ്റാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. നാട്ടില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം പോകണമെന്നാണ് ചില മേയര്‍മാരുടെ ധാരണ. പരസ്യവാചകങ്ങളുടെ പേരില്‍ സിനിമ ബഹിഷ്‌ക്കരണമെന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. സമൂഹമാധ്യമങ്ങളില്‍ എഴുതുന്നതെല്ലാം സിപിഎം നിലപാടല്ല’കോടിയേരി പറഞ്ഞു.
English Summary: CPM secretary Kodiyeri Balakrishnan press meet

Related posts:

Leave a Reply

Your email address will not be published.