ടി.പി. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായിയോ?മാസ്റ്റര്‍ബ്രെയിന്‍ പിണറായി ആയിരിക്കുമെന്ന് കെ.കെ.രമ

1 min read

കൊന്നവരെ പിടിച്ചു.കൊല്ലിച്ചവര്‍ ആര്. ഏതായാലും കൊല്ലിച്ചവരെ പിടികൂടണമെന്നു തന്നെയാണ് കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പറയുന്നത്. നിയമസഭയിലെ ആര്‍.എം.പിയുടെ ഏക അംഗമാണ് രമ.

ടി.പി.ചന്ദ്രശേഖരന്‍ മരിച്ച ശേഷമാണ് രമ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നേരത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു രമ. വിവാഹത്തിന് ശേഷം പൊതുരംഗത്ത് സജീവമായിരുന്നില്ല. പക്ഷേ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്ന മുഖമാണ് രമയുടേത്. സി.പി.എമ്മിലെ മറ്റു നേതാക്കളുമായി രമ സംസാരിക്കാറുണ്ട്. എം.എല്‍.എ എന്ന നിലയിലും വ്യക്തിപരമായും. എന്നാലും പിണറായിയുമായി അങ്ങനെ സൗഹൃദമില്ല. പിണറായിയാണ് ചന്ദ്രശേഖരന്റെ മരണത്തിന് പിറകിലെന്ന് രമ വിശ്വസിക്കുന്നു. കോഴിക്കോട് ജില്ലക്കാരനായിരുന്നു ചന്ദ്രശേഖരന്‍. എസ്.എഫ്.ഐ കോഴിക്കോട് ജില്ല പ്രസിഡന്റ്ര്, സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, dyfi ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസഥാന ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി വിട്ടു ആര്‍.എം.പി രൂപീകരിച്ചു. എ.പ്രദീപ് കുമാര്‍, കൃഷ്ണപ്രസാദ് തുടങ്ങിയ സി.പി.എം നേതാക്കളൊക്കെ ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.

പല തവണ ടി.പിക്ക് നേരെ ഭീഷണി ഉണ്ടായി. ടി.പി യുട തല ചിന്നിച്ചിതറുമെന്ന് പറഞ്ഞയാളെയാണ് ഹൈക്കോടതി ഇപ്പോള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഏരിയാ നേതാവാണ് ഇയാള്‍. ടി.പിക്ക് മരണ ഭയം ഇല്ലായിരുന്നു. ഒന്നുകില്‍ ഒളിച്ചോടണം, അല്ലെങ്കില്‍ അടിയറവ് പറയണം. സി.പി.എം കൊല്ലാന്‍ വിചാരിച്ചാല്‍ ഒരാളെ കൊല്ലുമെന്ന് ടി.പിക്കറിയാം. കൂടെകിടന്നവനല്ലെ രാപ്പനി അറിയൂ. തന്നെ കൊല്ലാന്‍ നില്‍ക്കുന്നവര്‍ ആരാണെന്നൊക്കെ രമയോട് ചന്ദ്രശേഖരന്‍ പറഞ്ഞിട്ടുണ്ട്. ഒടുവില്‍ 2012 മെയ് 12ന് മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ വന്ന അക്രമികള്‍ വടകരയക്കടുത്ത് വള്ളിക്കാട് വെച്ച് ബൈക്കോടിച്ചു പോവുകയായിരുന്ന ചന്ദ്രശേഖരനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. 51 വെട്ട്. പ്രായത്തിലെ ഓരോ വര്‍ഷത്തിനും ഓരോ വെട്ട്.
പിണറായി വിജയന്‍ ചന്ദ്രശേഖരനെ കുലം കുത്തി എന്നുവിളിച്ചു. പിണറായിയുടെ ഭാര്യവീടിനടുത്തായിരുന്നു ചന്ദ്രശേഖരന്റെ ശക്തികേന്ദ്രമായിരുന്ന ഒഞ്ചിയം. ഒഞ്ചിയം, ഏറാമല, ചോറോട് പഞ്ചായത്തുകളില്‍ സി.പി.എമ്മിനെ വെല്ലുന്ന സംഘടനാ ശക്തി ആര്‍.എം.പി ഉണ്ടാക്കി.

ചന്ദ്രശേഖരന്‍ സി.പി.എമമിന്റെ കണ്ണിലെ കരടായിരുന്നു. ടി.പി വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ ടി.പി.കുഞ്ഞനന്തന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയിലേക്കുളള പാലം കുഞ്ഞനന്തനാണ് എന്നാണ് ലീഗ് നേതാവ് ഷാജി പറയുന്നത്. രമയ്ക്കും പറയാനുള്ളത് ഏതാണ്ട് അതു തന്നെ. കണ്ണൂരില്‍ നിന്നുളളവരാണ് പ്രതികള്‍. അവര്‍ ഒളിച്ചത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലും. ഇന്നത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍, കേസില്‍ ശിക്ഷിക്കപ്പെടാതിരുന്നത് സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്ന് രമ പറയുന്നു. രണ്ട് ജില്ലാ കമ്മിറ്റികളുടെ പങ്കാളിത്തമാണ് ഈ കേസില്‍ തെളിയുന്നത്. സ്വാഭാവികമായും സി.പി.എമ്മിന്റെ മേല്‍ഘടകത്തിന്റെ അറിവില്ലാതെ ഇതു നടക്കില്ല.

ഈ കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമം നടന്നോ. ആദ്യ ഘട്ടത്തില്‍ നല്ല അന്വേഷണമാണ് നടന്നത്. എന്നാല്‍ എല്ലാ കോള്‍റെക്കോഡുകള്‍ക്കും ഉള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരുന്നില്ലത്രെ. ഒരു വര്‍ഷം കഴിഞ്ഞാല്‍ അത് കിട്ടാനും പ്രയാസം. അങ്ങനെയാണ് മൂന്നുവര്‍ഷത്തിന് ശേഷം കേസിലെ ഗൂഡാലോചനക്കാരെ പിടിക്കാനുള്ള അന്വേഷണം എവിടെയുമെത്താതിരുന്നത് എന്നാണ് പറയുന്നത്. കേരളത്തിലെ എല്‍.ഡി.എഫ് യു.ഡി.എഫ് ബാന്ധവത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ടി.പി.കേസന്വേഷണത്തിന്റെ സ്ഥിതി. അന്വേഷണം യഥാര്‍തഥ ഗൂഡാലോചകരിലെത്തുമ്പോഴേക്കും അന്വേഷണത്തിന് വഴിത്തിരിവ് വന്നു. കേന്ദ്രത്തിലും കോണ്‍ഗ്രസ് ആയിരുന്നു ഭരണം.

കൊല്ലിച്ചവര്‍ പിടിക്കപ്പെടുമോ. രമ വിജിയക്കുമോ എന്നു നമുക്ക് കണ്ടറിയാം.

Related posts:

Leave a Reply

Your email address will not be published.