ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം

1 min read

ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം
പാലക്കാട്: തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം. പട്ടാമ്പി നഗരത്തിലെ റോഡ് തകര്‍ച്ചയിലാണ് കരിമ്പുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ കുളിച്ചത്. കുഴിയില്‍ വാഴ നട്ടും പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടി. പാലക്കാട് ഗുരുവായൂര്‍ സംസ്ഥാന പാതയിലെ പട്ടാമ്പി ഭാഗത്തെ റോഡുകള്‍ മഴ കനത്തതോടെ പൂര്‍ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതല്‍ മേലെ പട്ടാമ്പി ജംക്ഷന്‍ വരെയുള്ള ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ടു.

റോഡിലെ കുഴികള്‍ അടയ്ക്കണമെന്നും ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് യുവാവിന്റെ വേറിട്ട പ്രതിഷേധം. ഇനി യാത്രയ്ക്കും കുളിക്കാനും ഒരിടം മതിയെന്ന് ഉറക്കെപ്പറഞ്ഞായിരുന്നു കുളി.

കിഫ്ബി വഴി 50 കോടി ചെലവില്‍ റോഡ് നിര്‍മാണം വൈകില്ലെന്നാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പ്രതികരണം. പ്രാരംഭ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. മഴക്കാലത്ത് റോഡില്‍ രൂപപ്പെട്ട കുഴികളില്‍വീണ് നിരവധി അപകടങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പട്ടാമ്പിയിലുണ്ടായത്. റോഡ് തകര്‍ച്ചയില്‍ ഏറെനേരം ഗതാഗതക്കുരുക്കും ഇവിടെ സ്ഥിരമാണ്.

English Summary: Pathole in road: Man’s protest in Pattamabi

Related posts:

Leave a Reply

Your email address will not be published.