‘വാജ്‌പേയി’ ഇനി സൂര്യനോട് ഏറ്റവുമടുത്ത നക്ഷത്രം
1 min readമുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം രാജ്യമെമ്പാടും ‘സദ്ഭരണ ദിനം’ ആയി ആചരിക്കുമ്പോള്‍ ഒരു നക്ഷത്രത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി ഔറംഗബാദിലെ ബിജെപി പ്രവര്‍ത്തകര്‍. ഔറംഗബാദ് ബിജെപി പ്രസിഡന്റ് ഷിരിഷ് ബോറല്‍ക്കര്‍ ആണ് വാജ്‌പേയിയുടെ പേര് ആദരസൂചകമായി ഒരു നക്ഷത്രത്തിന് നല്‍കിയ കാര്യം അറിയിച്ചത്.
ഭൂമിയില്‍ നിന്ന് 392.01 പ്രകാശവര്‍ഷമാണ് ഈ നക്ഷത്രത്തിലേക്കുള്ള ദൂരം. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണിത്.’14 05 25.3 60 28 51.9 കോര്‍ഡിനേറ്റുകളുള്ള നക്ഷത്രം 2022 ഡിസംബര്‍ 25ന് ഇന്റര്‍നാഷണല്‍ സ്‌പേസ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തു. താരത്തിന് അടല്‍ ബിഹാരി വാജ്‌പേയി ജി എന്നാണ് പേര് നല്‍കിയത്. രജിസ്‌ട്രേഷന്‍ നമ്പര്‍ CX16408US,’ റെജിസ്ട്രി ഇന്റര്‍നാഷണല്‍ സ്‌പേസ് സര്‍ട്ടിഫിക്കറ്റ് വായിച്ച് ഷിരിഷ് ബോറല്‍ക്കര്‍ അറിയിച്ചു.
1996 മെയ് 16 മുതല്‍ 1996 ജൂണ്‍ 1 വരെയും 1998 മാര്‍ച്ച് 19 മുതല്‍ 2004 മെയ് 22 വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. 1977 മുതല്‍ 1979 വരെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 ഓഗസ്റ്റ് 16ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം, മുന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി, എല്ലാ വര്‍ഷവും ഡിസംബര്‍ 25 ‘സദ്ഭരണ ദിനമായി’ ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു.