ചോരവാര്‍ന്ന് പെണ്‍കുട്ടി,
സഹായിക്കാതെ വീഡിയോ പകര്‍ത്തി ജനക്കൂട്ടം
1 min read
ലഖ്നൗ: ചോരവാര്‍ന്ന നിലയില്‍ സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം. യു.പിയിലെ കനൗജിലാണ് നടുക്കുന്ന സംഭവം നടന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്. സഹായം അഭ്യര്‍ഥിച്ചു കരയുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. എന്നാല്‍ ചുറ്റും കൂടിനിന്നവര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്ന തിരക്കിലായിരുന്നു.ഒടുവില്‍ പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയേയുമെടുത്ത് ഓടുന്ന പോലീസുകാരന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
വീട്ടില്‍നിന്ന് കാണാതായ പതിമൂന്നുകാരിയെ തലയിലുള്‍പ്പെടെ സാരമായ പരിക്കുകളോടെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടന്നോയെന്നത് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതിനോടകം അന്വോഷണം ആരംഭിച്ചിട്ടുണ്ട്.