ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കെട്ടിത്തൂക്കി; പ്രതി ജുനൈദിനെ വെടിവച്ച് വീഴ്ത്തി

1 min read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ദലിത് സഹോദരിമാരെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സൊഹൈല്‍, ജുനൈദ്, ഹഫീസുള്‍, റഹ്മാന്‍, കരീമുദ്ദീന്‍, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഇവര്‍ക്കു പരിചയപ്പെടുത്തിയ അയല്‍വാസി ഛോട്ടുവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച ജൂനൈദിനെ എന്‍കൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലില്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സുഹൈലും ജൂനൈദുമായി പെണ്‍കുട്ടികള്‍ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കഴുത്തുഞെരിച്ചു കൊന്ന് അവര്‍ ധരിച്ചിരുന്ന ഷാളില്‍ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന തോന്നിക്കാനായിരുന്നു ഇത്. സൊഹൈലും ജുനൈദും ഹഫീസുള്ളും പേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിച്ചു.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കില്‍ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 302, 376, പോക്‌സോ നിയമം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപുര്‍ ഖേരിയില്‍ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും പട്ടിക ജാതിക്കാര്‍ക്കും ഒരു സുരക്ഷയുമില്ലെന്നും ഇരുവരും ആരോപിച്ചു.

Related posts:

Leave a Reply

Your email address will not be published.