അനാഥന്‍ എന്ന വാക്ക് അപമാനം, സ്വനാഥന്‍ എന്ന് ഉപയോഗിക്കണം: ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

1 min read

മുംബൈ: അനാഥരെ വിശേഷിപ്പിക്കാന്‍ ‘അനാഥന്‍’ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. അനാഥന്‍ എന്ന വാക്ക് മാറ്റി സ്വനാഥന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ സ്വനാഥ് ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് മാധവ് ജാംധര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

”മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ നേരത്തേതന്നെ കരുതല്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അനാഥന്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ നിസ്സഹായനായ, ഇല്ലായ്മയുള്ള കുട്ടിയാണന്ന തോന്നലുണ്ടാകും സ്വനാഥന്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ സ്വയം പര്യാപ്തതയുള്ള, ആത്മവിശ്വാസമുള്ള കുട്ടിയായി കണക്കാക്കപ്പെടും”ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, അനാഥന്‍ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നു കോടതി പറഞ്ഞു.”അതു മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമൂഹിക അപമാനമാകുമെന്ന വാദത്തോടു യോജിക്കുന്നില്ല. അതു മാറ്റേണ്ട ആവശ്യമില്ല”. സന്നദ്ധസംഘടനയുടെ പേരായ സ്വനാഥന്‍ എന്ന വാക്ക് ഉപയോഗിക്കുകയാണോ വേണ്ടതെന്നും ഹര്‍ജിക്കാരനോടു കോടതി ചോദിച്ചു.

”അനാഥന്‍ എന്നുപയോഗിക്കുന്നതില്‍ എന്ത് അപമാനമാണ് ഉള്ളത്. ഇംഗ്ലിഷ് വാക്ക് ഓര്‍ഫന്‍ എന്നാണ്. ഹിന്ദി, മറാഠി, ബംഗാളി ഭാഷയിലൊക്കെ അനാഥന്‍ എന്ന വാക്കിന്റെ പര്യായം ആണ് ഉപയോഗിക്കുന്നത്. വാക്ക് മാറ്റണമെന്നു പറയാന്‍ ഹര്‍ജിക്കാരന്‍ ആരാണ്? ഭാഷയെക്കുറിച്ച് അയാള്‍ക്ക് എന്തറിയാം?” കോടതി ചോദിച്ചു.

അതേസമയം, ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാന്‍ മറ്റൊരു പേര് ഉപയോഗിക്കണമെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉദയ് വാരുന്‍ജികര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു

Related posts:

Leave a Reply

Your email address will not be published.