കൊവിഡ് വ്യാപനത്തില്‍ ജാഗ്രത കൂട്ടാന്‍ കേന്ദ്ര നിര്‍ദ്ദേശം, ആരോഗ്യമന്ത്രി

1 min read

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപന കണക്കിലെടുത്ത് ജാഗ്രത കൂട്ടാന്‍ കേന്ദ്ര നിര്‍ദ്ദേശം. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേകം യോഗം ചേര്‍ന്ന ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം.

അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് വീണ്ടും ആശങ്കയാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് യോഗം വിളിച്ച് ചേര്‍ത്തത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സെക്രട്ടറി, നിതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ നിര്‍ബന്ധമായും ജനിതകശ്രേണീകരണത്തിന് അയക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിറുത്തിവയ്‌ക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. ഗുജറാത്തില്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരിച്ചടിച്ചു

വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സര്‍ക്കാര്‍. മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചു വാക്‌സീന്‍ സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മന്‍സൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്. ഗാന്ധി കുടുംബം രാജ്യത്തെ നിയമങ്ങള്‍ക്ക് മുകളിലാണോ എന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.

എന്നാല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയില്‍ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് നടക്കുന്നത്. യാത്രയിലെ ജനപിന്തുണ കണ്ടാണ് സര്‍ക്കാരിന്റെ നീക്കമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.