ബജറ്റിന് മുമ്പായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു
1 min read
ഡല്‍ഹി: മന്ത്രിസഭാ വിപുലീകരണത്തിനും പുനഃസംഘടനക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ബജറ്റ് സമ്മേളനത്തിന് മുന്‍പായി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും എന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്‍മ്പത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് അഴിച്ചുപണി നടത്താനുള്ള തീരുമാനം.
ബിജെപി ദേശീയ അധ്യക്ഷന്റെ കാലവധി ജനുവരി ഇരുപതോടെ അവസാനിക്കാനിരിക്കെ സംഘടനാ സംഘടന നവീകരിക്കുന്നതിനും സാധ്യതകളുണ്ടെന്നാണ് സൂചനകള്‍. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ജനുവരിയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും.
അതേസമയം ചില മന്ത്രിമാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്‌തേക്കാം. മോഡി 2.0 മന്ത്രിസഭയിലെ അവസാന പുനഃസംഘടന 2021 ജൂലൈ ഏഴിനാണ് നടന്നത്. അന്ന് ചില പ്രമുഖര്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെ ഒഴിവാക്കിയിരുന്നു.