ഞാന്‍ പ്രധാനമന്ത്രിയാകാന്‍ സഹകരിക്കണം: പിന്മാറാന്‍ ഋഷി സുനകിനോട് ബോറിസ്

1 min read

ലണ്ടന്‍ന്മ യുകെ പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍വംശജനുമായ ഋഷി സുനകിന് വീണ്ടും സാധ്യതയേറുന്നതിനിടെ ഇടപെട്ട് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍നിന്നു പിന്‍മാറി, വീണ്ടും തന്നെ പ്രധാനമന്ത്രിയാക്കാന്‍ സഹകരിക്കണമെന്ന് ഋഷി സുനകിനോട് ബോറിസ് ജോണ്‍സന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാര്‍ട്ടി നേതൃത്വ മത്സരത്തില്‍ ഋഷി സുനകിനെ തോല്‍പ്പിച്ച് ആറാഴ്ച മുന്‍പാണ് ലിസ് ട്രസ് യുകെ പ്രധാനമന്ത്രിയായത്. ലിസ് ട്രസ് രാജിവച്ചതോടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഏറ്റവും സാധ്യതയുള്ളത് ഋഷി സുനകിനാണ്.

2024ല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ തനിക്കെ കഴിയൂ എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരെ ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സന്‍. പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. അതുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് ട്രസ് അറിയിച്ചു.

മുന്‍ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസം മുന്‍പ് ലിസ് ട്രസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമായത്. യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയായും ലിസ് മാറി. അടുത്ത നേതാവാകാനുള്ള മത്സരം ഋഷി സുനകും (42) പെനീ മോര്‍ഡന്റും (49) തമ്മിലാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വാതുവയ്പുകാര്‍ മുന്‍തൂക്കം നല്‍കുന്നതു സുനകിനാണ്. പ്രതിരോധമന്ത്രി ബെന്‍ വാലസിനും (52) സാധ്യത കല്‍പിക്കുന്നു. പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖനും ധനമന്ത്രിയുമായ ജെറമി ഹണ്ട് മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തിരിച്ചുവന്നേക്കാമെന്ന ഊഹങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലിസ് ട്രസിനേക്കാളും ആളുകള്‍ക്ക് താല്‍പര്യം ബോറിസ് ജോണ്‍സനോട് ആണെന്ന് അഭിപ്രായ സര്‍വേകളും പുറത്തുവന്നിരുന്നു. ഋഷി സുനകും ബോറിസ് ജോണ്‍സനും തമ്മില്‍ മത്സരം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related posts:

Leave a Reply

Your email address will not be published.