കടുവയെ അടുത്തു കാണാന്‍ സഞ്ചാരികള്‍ ജീപ്പ് നിര്‍ത്തി
1 min readനമ്മുടെ ചില കൗതുകങ്ങള്‍ ചിലപ്പോഴെങ്കിലും വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തില്‍ ഒരു അനുഭവം ഒരു ജംഗിള്‍ സഫാരി നടത്തിയ ഒരു കൂട്ടം ആളുകള്‍ക്ക് കഴിഞ്ഞദിവസം ഉണ്ടായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
തുറന്ന വാഹനങ്ങളില്‍ ജംഗിള്‍ സഫാരി നടത്തിയിട്ടുള്ളവര്‍ക്ക് അറിയാം ആ യാത്ര എത്രമാത്രം അപകടകരവും അതേസമയവും ത്രില്ലിങ്ങും ആണെന്ന്. ചിലപ്പോള്‍ യാത്രയില്‍ ഉടനീളം ഒരു മൃഗത്തിനെ പോലും കണ്ടില്ലെന്നും വരാം. എന്നാല്‍ മറ്റു ചിലപ്പോള്‍ കടുവയും പുലിയും ആനയും ഒക്കെ പോലെയുള്ള മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരികയും ചെയ്‌തേക്കാം. ഏതായാലും കഴിഞ്ഞദിവസം ഇത്തരത്തില്‍ യാത്ര നടത്തിയ ഒരു സംഘം ആളുകള്‍ക്കും ഒരു ദുരനുഭവം ഉണ്ടായി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുരേന്ദര്‍ മെഹ്‌റയാണ് ഈ വീഡിയോ പങ്കുവെച്ചത്.
തുറന്ന ജീപ്പിനുള്ളില്‍ ഇരുന്ന് കാട്ടിനുള്ളിലൂടെ യാത്ര ചെയ്യുന്ന ഒരു സംഘം വിനോദസഞ്ചാരികളാണ് വീഡിയോയില്‍. യാത്രക്കിടയില്‍ കാടിന്റെ ഒരു വശത്തായി മരങ്ങള്‍ക്കു മറവില്‍ പതിഞ്ഞിരിക്കുന്ന ഒരു കടുവയെ ഇവര്‍ കാണുന്നു. എന്നാല്‍ കടുവയെ കണ്ട ഇവര്‍ ജീപ്പ് എടുത്ത് മുന്‍പോട്ട് പോകുന്നതിന് പകരം കടുവയെ അല്പംകൂടി അടുത്തു കാണാനായി ജീപ്പ് അവിടെ നിര്‍ത്തിയിട്ടു. എന്നാല്‍ കടുവ പുറത്തേക്ക് വന്നില്ല എന്ന് മാത്രമല്ല അല്പനേരം വാഹനത്തെയും വാഹനത്തിനുള്ളില്‍ ഉള്ളവരെ നിരീക്ഷിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അക്രമാസക്തനായ കടുവ ഉറക്കെ അലറിക്കൊണ്ട് അവര്‍ക്കു നേരെ കുതിച്ചുചാടി. അത്ഭുതകരം എന്ന് പറയട്ടെ തലനാരിഴയുടെ വ്യത്യാസത്തില്‍ ജീപ്പിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടു. ജീപ്പ് വേഗത്തില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിച്ചത് കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്.
ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്. അനാവശ്യമായ കൗതുകം ആണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ ഉപഭോക്താക്കളില്‍ ചിലര്‍ കുറിച്ചത്.