കടുവയെ പേടിച്ച് മൂന്നാർ; കൊന്നത് പത്തോളം പശുക്കളെ
1 min read| മൂന്നാര്‍ രാജമലയിലെ കടുവ അക്രമകാരിയെന്ന് വനംവകുപ്പ്. പത്തോളം പശുക്കളെയാണ് ഈ കടുവ കൊന്നിരിക്കുന്നത്. പ്രദേശത്ത് മൂന്നു കൂടു കൂടി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഇരയെ ഇട്ട് കടുവയെ പിടികൂടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. രാജമലയിലെ ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കടുവയെ പിടികൂടാനുള്ള നീക്കങ്ങള്‍ വനംവകുപ്പ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കടുവ അക്രമകാരിയായതിനാല്‍ പുറത്തിറങ്ങരുതെന്നാണ് വനംവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. . കടുവയുടെ ആക്രമണത്തില്‍ പത്തോളം പശുക്കള്‍ ചത്തിരുന്നു. കടുവയെ നിരീക്ഷിക്കുമ്പോഴാണ് കടുവയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിലിറങ്ങി തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ആദ്യമാണ്. നൈമക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് അക്രമത്തിനിരയായത്. ഇതില്‍ പത്തെണ്ണത്തിന് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. വനംവകുപ്പ് കൂട് വെച്ചിരുന്നുവെങ്കിലും കടുവ മറ്റൊരിടത്താണ് അക്രമം നടത്തിയത്. കടുവയെ നാട്ടുകാരും വനപാലകരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. കടുവ രണ്ടു ദിവസങ്ങളിലായി എത്തിയ ഈസ്റ്റ് ഡിവിഷൻ 5 കിലോമീറ്ററര്‍ ചുറ്റളവിലുള്ള മുഴുവനിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി.