ദില്ലി ആരോഗ്യമന്ത്രിയുടെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്

1 min read

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്. സസ്‌പെന്‍!ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അജിത് കുമാര്‍ സെല്ലിലെത്തി മന്ത്രിയെ കാണുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 12 ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മാസം ആദ്യമാണ് സത്യേന്ദ്ര ജെയിനിന് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാരോപിച്ച് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ജയില്‍ വീഡിയോകള്‍ പുറത്തുവിടുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സത്യേന്ദ്ര ജെയിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജെയിന്‍ ജയില്‍ ദര്‍ബാര്‍ നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് സത്യേന്ദര്‍ ജെയിനിനെ സഹതടവുകാരന്‍ തിഹാര്‍ ജയിലില്‍ മസാജ് ചെയ്യുന്നതിന്റെയടക്കം വീഡിയോ ബിജെപി പുറത്തുവിട്ടത്. വീഡിയോ പഴയതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലിനുള്ളില്‍ തല മസാജ്, കാല്‍ മസാജ്, പുറം മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. സത്യേന്ദര്‍ ജെയിന്റെ തിഹാര്‍ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും സാമ്പത്തിക അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.