ശ്രീനിവാസന്‍ വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കര്‍ സിദ്ദിഖ് പോലീസ് കസ്റ്റഡിയില്‍
1 min readപാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കര്‍ സിദ്ദിഖ് പോലീസ് കസ്റ്റഡിയില്‍. പാലക്കാട് ജില്ലാ സെക്രട്ടറിയായ അബൂബക്കറിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഏപ്രില്‍ 16നാണ് ശ്രീനിവാസനെ ആറംഗ സംഘം കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
നേരത്തെ, മലപ്പുറം സ്വദേശി സിറാജുദ്ദീനെയും ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് സിറാജുദ്ദീനെതിരായ കേസ്. പോപ്പുലര്‍ ഫ്രണ്ടുകാരോട് എതിര്‍ത്ത് നില്‍ക്കുന്ന ആര്‍എസ്എസുകാരെ ആക്രമിക്കാന്‍ പട്ടിക തയാറാക്കുന്ന ചുമതലയായിരുന്നു സിറാജുദ്ദീനുണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്.
തിരൂര്‍, കോട്ടയ്ക്കല്‍, മലപ്പുറം, ആലത്തൂര്‍ ഭാഗങ്ങളിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പേരും ഫോട്ടോയും മേല്‍വിലാസവും അടങ്ങിയ പട്ടിക ഇയാളുടെ വീട്ടിലെ പരിശോധനയില്‍ പൊലീസ് പിടികൂടി. ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കൊലയാളി സംഘം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവില്‍ കണ്ടെത്തി. സഞ്ജിത്ത് വധത്തില്‍ സിറാജുദ്ദീനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ശ്രീനിവാസന്‍ വധക്കേസിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയായി. കേസിൽ ഇതുവരെ 39 പേരാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. 26 പേരെ അറസ്റ്റ് ചെയ്തു. 38ാമത്തെ പ്രതിയാണ് സിറാജുദ്ദീൻ.