മരണത്തിന് കാരണം കണ്ണന്‍; അച്ഛന്റെ അടുത്ത് അടക്കണം; ഐശ്വര്യയുടെ മരണത്തില്‍ ഭർത്താവ് അറസ്റ്റില്‍

1 min read

‘കൊല്ലം: ചടയമംഗലത്ത് യുവ അഭിഭാഷക ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താന്‍ മരിച്ച കേസിലാണ് അഭിഭാഷകനായ ഭര്‍ത്താവ് കണ്ണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്നും മരണത്തിന് ഉത്തരവാദിയാണെന്നും സൂചിപ്പിക്കുന്ന ഐശ്വര്യയുടെ ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.

തന്റെ മരണത്തിന് കാരണം കണ്ണനാണ്, എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദിയെന്നാണ് ഐശ്വര്യ ഡയറിയില്‍ എഴുതിയിരുന്നത്. താലി വലിച്ച് പൊട്ടിച്ചെന്നും എന്നും ഉപദ്രവമാണെന്നും ഐശ്വര്യ ഡയറിയില്‍ കുറിച്ചിരുന്നു. ‘എന്റെ മരണത്തിന് കാരണം കണ്ണന്‍ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കുന്നു. ആര്‍ക്കും ഇങ്ങനെ വരുത്തരുത്. അന്നേ ഡോക്ടര്‍ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല.

ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു.

എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാള്‍ക്ക്. ഞാന്‍ വെറുത്ത് പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്‌നേഹമില്ല. കെയര്‍ ഇല്ല. കാശു ചോദിച്ചാല്‍ അതുമില്ല. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം’.

കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭര്‍തൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയില്‍ ഐശ്വര്യ തൂങ്ങിമരിച്ചത്. ഒളിവില്‍പോയ കണ്ണൻ നായരെ നീണ്ട തിരച്ചിലിനൊടുവിലാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. മൂന്നുവര്‍ഷം മുന്‍‌പായിരുന്നു ഐശ്വര്യയുടെ വിവാഹം. ശാരീരിക ഉപദ്രവത്തെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നു താമസിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.