മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര ദുരിതത്തിന് പരിഹാരമായില്ല
1 min readമുംബൈ: ക്രിസ്മസ്, ന്യൂ ഇയര്‍ യാത്രാ തിരക്ക് പരിഗണിച്ച് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ഒരു പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചെങ്കിലും പ്രശ്‌നപരിഹാരമാവുന്നില്ലെന്ന് മുംബൈയിലെ മലയാളികള്‍ പറയുന്നു. ആയിരക്കണക്കിന് പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ ഒരു ട്രെയിന്‍ ഒരു സര്‍വീസ് മാത്രം നടത്തിയത് കൊണ്ട് മാത്രം എന്ത് ഗുണമെന്നാണ് ചോദ്യം.
ട്രെയിനുകളില്‍ ടിക്കറ്റില്ല, വിമാനത്തിലാണെങ്കില്‍ നാലിരട്ടിയിലേറെ നിരക്ക്. ക്രിസ്മസും ന്യൂ ഇയറും നാട്ടില്‍ ആഘോഷിക്കാന്‍ കാത്തിരുന്ന മലയാളികളുടെ ദുരിതത്തില്‍. ഒടുവില്‍ ഇന്നലെ വൈകീട്ടാണ് സ്‌പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം റെയില്‍ വേ നടത്തിയത്. അപ്പോഴും മുംബൈയിലെ മലയാളികള്‍ക്ക് സന്തോഷിക്കാന്‍ കാര്യമായൊന്നുമില്ല. മുംബൈയില്‍ നിന്ന് കന്യാകുമാരിക്ക് നാളെ വൈകീട്ട് 3.30ന് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ശനിയാഴ്ച തിരികെയും. ഇത്രമാത്രം. ഇന്ന് രാവിലെ റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റ് പോയി.
ടിക്കറ്റ് കിട്ടിയര്‍ ഭാഗ്യവാന്‍മാര്‍. നാല് വര്‍ഷം മുന്‍പ് വരെ ആഴ്ചയില്‍ രണ്ട് സര്‍വീസെന്ന നിലയ്ക്ക് ഒരു മാസത്തോളം കേരളത്തിലേക്ക് ശൈത്യകാല സ്‌പെഷല്‍ സര്‍വീസ് നടത്തിയിരുന്നു. എന്ത് കൊണ്ട് ഇപ്പോഴതില്ല എന്ന ചോദ്യത്തിന് റെയില്‍വേ മറുപടി പറയുന്നില്ല. ക്രിസ്മസ്,ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ദക്ഷിണ റയില്‍വേ കേരളത്തിനായി 17 സ്‌പെഷ്യല്‍ ട്രെയിനുകളാണ് അനുവദിച്ചത്.മറ്റന്നാള്‍ മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.എറണാകുളം ജംഗ്ക്ഷന്‍ ചെന്നൈ,ചെന്നൈ എഗ്മോര്‍ കൊല്ലം,എറണാകുളം ജംഗ്ക്ഷന്‍വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്‍ താമ്പ്രം,റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍. ആകെ 51 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.