ആര്‍എസ്എസിനെ മാതൃകയാക്കണം, പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി പ്രകാശ് കാരാട്ട്

1 min read

കൊല്‍ക്കത്ത: ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന നിര്‍ദേശവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ആര്‍എസ്എസ് ചെയ്യുന്നപോലെ കഠിനാദ്ധ്വാനം ചെയ്താല്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന് പ്രത്യയ ശാസ്ത്രപരവും രാഷ്ട്രീയപരവുമായ പോരാട്ടമാണ് ആവശ്യമാണെന്നും പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനെ മാതൃകയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തമാണെന്നും കാരാട്ട് പറഞ്ഞു.

വിവിധ സംഘടനകളിലൂടെ ആര്‍എസ്എസ് രാപ്പകല്‍ പ്രവര്‍ത്തിക്കുകയാണെന്നും അത് മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുസാന്നിധ്യം ദുര്‍ബലമായ ഒഡീഷയില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആര്‍എസ്എസിന് 1000ല്‍ അധികം സ്‌കൂളുകള്‍ ഉണ്ടായിരുന്നുവെന്നും പതിറ്റാണ്ടുകള്‍ മുന്‍പ് തന്നെ മികച്ച പ്രവര്‍ത്തനമാണ് കാഴ്‌ചെവച്ചിരുന്നതെന്നും ്അദ്ദേഹം പരാമര്‍ശിച്ചു. ആര്‍എസ്എസിന്റെ നിരന്തര പ്രവര്‍ത്തനങ്ങള്‍ വലിയൊരു വിഭാഗം ആളുകളെ ആശയപരമായി സ്വാധീനിക്കുന്നുണ്ടെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയില്‍ സിപിഎം മുഖപത്രം ഗണശക്തിയുടെ അന്‍പത്തേഴാം സ്ഥാപക ദിന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തിരഞ്ഞെടുപ്പിനു മുന്‍പ് സഖ്യമുണ്ടാക്കിയാല്‍ ബിജെപി ഭീഷണിയില്‍ നിന്നു കരകയറാമെന്നാണ് ഇടതുപക്ഷേതര പാര്‍ട്ടികള്‍ കരുതുന്നത്. എന്നാല്‍ പ്രത്യയശാസ്ത്ര, രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്താന്‍ കഴിയാത്തതിനാല്‍ അത്തരം നീക്കങ്ങള്‍ക്കൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഇതിന് മുന്‍പും സമാന രീതിയില്‍ ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന പ്രസ്താവന കാരാട്ട് നടത്തിയിരുന്നു. സിഐടിയുവിന്റെ ദേശീയ സമ്മേളനത്തില്‍ കാരാട്ട് നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.