പാഠ്യപദ്ധതി പരിഷ്‌കരണം; കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കും

1 min read

തിരുവനന്തപുരം: കുട്ടികളുടെ ചര്‍ച്ചപാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വിദ്യാലയങ്ങളിലും നിശ്ചയിക്കുന്ന പ്രത്യേക ദിവസം ഒരു പീരിയഡ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചര്‍ച്ചകള്‍ക്കായി മാറ്റിവയ്ക്കുന്നതാണ്.

നവംബര്‍ 17ന് കേരളത്തിലെ എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ ചര്‍ച്ചകള്‍ നടത്തുന്നതാണ്. ഇതിലേക്കായി പ്രത്യേക കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ ഒരു സുപ്രധാന ഡോക്യുമെന്റായി തയാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്. ചര്‍ച്ചാ ദിവസം സ്‌കൂളില്‍ ആദ്യ ഇടവേളയ്ക്ക് ശേഷം ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കുട്ടികളുടെ ചര്‍ച്ച സ്‌കൂള്‍ തലത്തില്‍ ക്രോഡീകരിച്ച് ബി.ആര്‍.സി. യ്ക്ക് കൈമാറും.

ബി.ആര്‍.സി.കള്‍ അത് എസ്.സി.ഇ.ആര്‍.ടി. യ്ക്ക് കൈമാറും. നാല്‍പത്തിയെട്ട് ലക്ഷം കുട്ടികള്‍ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കുന്നത് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും. കുട്ടികളുടെ ക്ലാസ് മുറി ചര്‍ച്ചയുടെ ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യുകയുണ്ടായി.

കുട്ടികള്‍ ആധികാരികവും ഗൗരവതരവുമായി വിഷയങ്ങളെ സമീപിക്കുന്നുണ്ട്. അക്കാദമികമായി കൂടുതല്‍ വിഷയങ്ങള്‍ പഠിക്കണം, കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം വേണം, സൈബര്‍ സെക്യൂരിറ്റി പോലുള്ള ആധുനിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം, ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങിയവയ്ക്ക് സിലബസില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം എന്ന ആവശ്യം കുട്ടികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. വളരെ പ്രാധാന്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ചര്‍ച്ചയെ കാണുന്നത്. പാഠ്യപദ്ധതി പരിഷ്‌കരിക്കപ്പെടുമ്പോള്‍ ഈ ചര്‍ച്ചയുടെ പ്രതിഫലനവും ഉണ്ടാകും.

Related posts:

Leave a Reply

Your email address will not be published.