അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ; വിശ്വാസികള്‍ക്ക് ലോകകപ്പ് നിര്‍ദേശവുമായി സമസ്ത
1 min readകോഴിക്കോട്: നാടാകെ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം കൊടുമ്പിരികൊണ്ടിരിക്കെ ലോകകപ്പ് ടൂര്‍ണമെന്റിനെ എങ്ങനെ സമീപിക്കണമെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി രം?ഗത്ത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫുട്‌ബോള്‍ കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും സമസ്ത നല്‍കിയ പ്രസം?ഗക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍, വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നു. നമസ്‌കാരം കൃത്യസമത്ത് നിര്‍വഹിക്കുന്നതില്‍നിന്നും തടസ്സപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനമെന്നും ഖുറാനെ ഉദ്ധരിച്ച് കുറിപ്പില്‍ വ്യക്തമാക്കി.
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ലെന്നും സമസ്ത നിര്‍ദേശിച്ചു. ചെലവിടുന്ന സമയവും പണവും അവന്റെ ദൈവം നല്‍കിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും ദൈവത്തിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ ലഹരിയായി തീരാന്‍ പാടില്ല. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി. നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നത് ആശ്ചര്യമാണ്. ഇത് കാല്‍പന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണെന്നും കുറിപ്പില്‍ പറഞ്ഞു.
സ്‌നേഹവും കളി താല്‍പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാന്‍സ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിര്‍ക്കിന്റെ പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി. കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആരാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത നിലപാട് വ്യക്തമാക്കി.