ഖാര്‍ഗെ മാപ്പുപറയണമെന്ന് ബിജെപി; നിന്ദ്യമായ പരാമര്‍ശമെന്ന് കേന്ദ്രമന്ത്രി
1 min read
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും എം.പിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രക്ഷുബ്ധമായി രാജ്യസഭ. ഖാര്‍ഗെ മാപ്പുപറയണെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചു.
തിങ്കളാഴ്ച ജയ്പുരിലെ ആള്‍വാറില്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ബി.ജെ.പിയ്ക്ക് ആരെയും നഷ്ടമായിട്ടില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന് നിരവധിയാളുകളെ നഷ്ടമായെന്നും പറയുകയായിരുന്നു ഖാര്‍ഗെ. ഇതിനിടെ നടത്തിയ പ്രയോഗമാണ് വിവാദത്തിലേക്ക് നയിച്ചത്.
രാജ്യത്തിനു വേണ്ടി നിങ്ങളുടെ വീട്ടിലെ നായയുടെയെങ്കിലും ജീവന്‍വെടിഞ്ഞിട്ടുണ്ടോ? എന്നിട്ടും അവര്‍ രാജ്യസ്‌നേഹികളെന്ന് അവകാശപ്പെടുന്നു. ഇനി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ നമ്മളെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുംഎന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. കോണ്‍ഗ്രസാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തതെന്നും പാര്‍ട്ടി നേതാക്കളായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ജീവത്യാഗം ചെയ്തുവെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച സഭാനടപടികള്‍ ആരംഭിച്ചതോടെ മാപ്പ് ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തി. നിന്ദ്യമായ ഭാഷ ഉപയോഗിച്ചതിന് ഖാര്‍ഗെ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സഭയില്‍ തര്‍ക്കം മുറുകിയതോടെ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ഇടപെട്ടു. പരാമര്‍ശം നടത്തിയത് പാര്‍ലമെന്റിന് പുറത്താണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 135 കോടി ജനങ്ങളുണ്ടെന്നും അവര്‍ നമ്മെ കണ്ടുകൊണ്ടിരിക്കുകയാണെന്നും ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, താന്‍ പരാമര്‍ശം നടത്തിയത് സഭയ്ക്കു പുറത്താണെന്നും അത് സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ഖാര്‍ഗെ സ്വീകരിച്ചത്. ബി.ജെ.പിയ്ക്ക് സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഇപ്പോഴും പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.