147 പേരുടെ പിന്തുണ; ബ്രിട്ടിഷ് പ്രധാനമന്ത്രി ആകുന്ന ആദ്യ ഏഷ്യക്കാരനാകാന് സുനക്
1 min readലണ്ടന്‍: 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ നേടാനാകാതെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പിന്മാറിയത്. ഇന്നലെ രാത്രി വൈകിയാണ് ബോറിസ് മത്സരത്തില്‍നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്. 102 എംപിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാന്‍ സാധിക്കുമെങ്കിലും പാര്‍ട്ടിയില്‍ സമ്പൂര്‍ണ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ബോറിസ് വിശദീകരിച്ചത്. എന്നാല്‍ ഇന്നലെ രാത്രിവരെ കേവലം 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസിന് നേടാനായതെന്ന് ബ്രിട്ടിഷ് മധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കൂടുതല്‍ എംപിമാരുടെ പിന്തുണ എളുപ്പമല്ലെന്നു വിലയിരുത്തിയാണ് അവസാന ദിവസത്തിനു മുന്‍പേയുള്ള തന്ത്രപരമായ പിന്മാറ്റം.
ബോറിസ് മത്സരത്തില്‍നിന്നും പിന്മാറിയതോടെ ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സലര്‍ ഋഷി സുനക് പ്രധാനമന്ത്രിയാകാനുള്ള സാധ്യതയേറി. 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ 147 പേര് ഇതിനോടകം ഋഷിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മത്സരരംഗത്ത് അവശേഷിക്കുന്ന ഹൗസ് ഓഫ് കോമണ്‍സ് അധ്യക്ഷ പെന്നി മോര്‍ഡന്റിന് ഇതുവരെ നേടാനായത് 24 എംപിമാരുടെ പിന്തുണ മാത്രമാണ്. ഇനിയും 76 എംപിമാര്‍കൂടി പിന്തുണച്ചാലേ ഇവര്‍ക്ക് മത്സരരംഗത്ത് നിലനില്ക്കാനാകൂ.
ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെയാണ് എംപിമാരുടെ പിന്തുണ ആര്‍ജിക്കാനുള്ള സമയം. ഇതിനോടകം പെന്നി മോര്‍ഡന്റിന് ഇത് നേടാനായില്ലെങ്കില്‍ ഇപ്പോള്‍ തന്നെ നൂറിലധികം എംപിമാരുടെ പിന്തുണുള്ള ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകും. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ആദ്യമായി ഒരു ഏഷ്യക്കാരന് അങ്ങനെ പ്രധാനമന്ത്രി പദത്തിലെത്തും. ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായതിനു സമാനമായ ചരിത്രസംഭവമാകും ഇത്.
ലിസ് ട്രസ് രാജിവച്ചതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ബോറിസിനെ പ്രധാനമന്ത്രി പദത്തിലേക്ക് തിരികെ വിളിക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതു സാധ്യതയായി കണ്ടാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷത്തിലായിരുന്ന ബോറിസ്, യാത്ര വെട്ടിച്ചുരുക്കി ലണ്ടനില്‍ പറന്നെത്തിയത്. രണ്ടുദിവസത്തെ ലോബിയിംങ്ങിനു ശേഷവും മത്സരത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ നേടാനാകാതെ വന്ന സാഹചര്യത്തിലാണ് പാര്‍ട്ടി താല്പര്യവും രാജ്യതാല്പര്യവുമെല്ലാം പറഞ്ഞു ന്യായീകരിച്ച് മത്സരത്തില്‍നിന്നുള്ള മുന്‍ പ്രധാനമന്ത്രിയുടെ പിന്മാറ്റം.
ഇതിനിടെ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച് ആദ്യമായി ഋഷി സുനകും രംഗത്തെത്തി. ഒട്ടേറെ എംപിമാര്‍ പിന്തുണച്ചിട്ടും മത്സരത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്നലെ രാത്രിവരെ ഋഷി തയാറായിരുന്നില്ല. എന്നാല്‍ മഹാഭൂരിപക്ഷം പാര്‍ട്ടി എംപിമാരും അനുകൂലമാണെന്നു കണ്ടതോടെയാണ് ഇന്നലെ മത്സരരംഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.