ഋഷി സുനക്കിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ കലാപം

1 min read

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെ പോര്. ബ്രിട്ടന്റെ ഭരണം ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിച്ച ബജറ്റിലെ നികുതി പദ്ധതികളെച്ചൊല്ലിയാണ് യുകെ ഭരണകക്ഷിയില്‍ പുതിയ പോര് ഉടലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആറാഴ്ച പൂര്‍ത്തിയാക്കിയ സുനക് വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ബില്ലുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കൈകാര്യം ചെയ്യുവാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് നികുതി വെട്ടിക്കുറയ്ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് തന്നെ ആവശ്യം ഉയരുന്നത്.

40 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ നേതൃത്വത്തിലാണ് ഭരണകക്ഷിയിലെ പുതിയ കലാപം. കഴിഞ്ഞ ദിവസം ധനമന്ത്രി ജെറമി ഹണ്ടിന് ഇവര്‍ കത്തെഴുതി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം പോലും കാണാത്ത തലത്തില്‍ ബ്രിട്ടീഷ് പൊതുജനങ്ങള്‍ക്ക് നികുതി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് ഭരണകക്ഷി എംപിമാര്‍ തന്നെ പറയുന്നത്.

‘ജീവിതച്ചെലവ് പ്രതിസന്ധിയെക്കുറിച്ച് ആശങ്കാകുലരാണ് നമ്മുടെ ഘടകകക്ഷികള്‍, നികുതിദായകരുടെ ഓരോ ചില്ലിക്കാശും മൂല്യമുള്ളതാണെന്നും. അത് പാഴാക്കരുതെന്ന് ഉറപ്പുനല്‍കാന്‍ നമുക്ക് കഴിയണം ‘ കത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ പറയുന്നു.

‘കണ്‍സര്‍വേറ്റീവ് വേ ഫോര്‍വേഡ്’ എന്ന് വിളിക്കുന്ന 40 എംപിമാരുടെ സംഘം, നികുതി വെട്ടിക്കുറയ്ക്കാനോ പൊതുജന സേവനത്തിന് കൂടുതല്‍ ചെലവഴിക്കാനോ സര്‍ക്കാരിനെ അനുവദിക്കുന്ന ഏഴ് ബില്യണ്‍ പൗണ്ടിന്റെ രൂപരേഖ തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.