സര്‍ക്കാരിന് ആദ്യ വിശദീകരണം നല്കാന്‍ ആര്‍ബിഐ; എംപിസിയുടെ അടിയന്തിര യോഗം ഇന്ന്

1 min read

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ കമ്മിറ്റി ഇന്ന് അടിയന്തിര യോഗം ചേരും. തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ നിര്‍ബന്ധിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണം യോഗം ചര്‍ച്ച ചെയ്യും. ഇതിനെ കുറിച്ചുള്ള വിശദീകരണം കത്തിലൂടെ സര്‍ക്കാരിന് നല്‍കുകയും ചെയ്യും. ആദ്യമായാണ് ആര്‍ബിഐയുടെ എംപിസി കമ്മിറ്റി സര്‍ക്കാരിന് വിശദീകരണം നല്‍കുന്നത്.

യോഗത്തിന് ശേഷം പണപ്പെരുപ്പം തടയാന്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ആര്‍ബിഐ കത്തില്‍ പരാമര്‍ശിക്കും. തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍, 2 മുതല്‍ 6 ശതമാനം വരെയുള്ള ആര്‍ബിഐയുടെ നിര്‍ബന്ധിത പരിധിക്ക് മുകളിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. എന്തുകൊണ്ടാണ് പണപ്പെരുപ്പം കൈവിട്ടു പോകുന്നതെന്ന വിശദീകരണവും സര്‍ക്കാരിന് കമ്മിറ്റി നല്‍കണം.

സര്‍ക്കാരിന് നല്‍കുന്ന വിശദീകരണ കത്ത് പൊതുജനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാകില്ലെങ്കിലും പിന്നീട് അത് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നലെ പറഞ്ഞു. ജനുവരി മുതല്‍ ഇന്ത്യയിലെ ഉപഭോക്തൃ വില 6 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. തുടര്‍ന്ന് പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ , തുടര്‍ച്ചയായി നാല് തവണ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി. 190 ബേസിസ് പോയിന്റ് വര്‍ധനയാണ് നാല് തവണയായി വരുത്തിയത്.

പണപ്പെരുപ്പം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് എംപിസിയുടെ അടിയന്തിര യോഗം. സെപ്റ്റംബര്‍ 30 നായിരുന്നു മുന്‍പ് എംപിസി കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നത്. അടുത്ത യോഗം ഡിസംബര്‍ 5 നും 7 നും ഇടയിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഗവണ്‍മെന്റിന് വിശദീകരണം നല്‍കേണ്ടതിനാല്‍ അടിയന്തിര യോഗം ചേരുകയാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ എടുത്തേക്കാവുന്ന സമയവും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും.

അതേസമയം, ഇന്നലെ നടന്ന യു എസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ നാലാമത്തെ തവണയും പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 75 ബേസിസ് പോയിന്റ് വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായത്. യു എസ് ഫെഡ് നിരക്ക് വര്‍ധനയുടെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് താഴ്ന്നതും പണപ്പെരുപ്പത്തിന് എതിരെയുള്ള ആര്‍ബിഐയുടെ പോരാട്ടത്തെ സങ്കീര്‍ണ്ണമാക്കുന്നു.

Related posts:

Leave a Reply

Your email address will not be published.