ഭാരത് ജോഡോ യാത്രയില്‍ ഗോത്ര നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി, വീഡിയോ
1 min readഹൈദരാബാദ് : കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോള്‍ തെലങ്കാനയിലൂടെ കടന്നുപോകുകയാണ്. ധര്‍മ്മപുരിയില്‍ നിന്ന് യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ ഗോത്രനൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തുവിട്ടു. തെലങ്കാനയിലെ ഭദ്രാചലത്തില്‍ ആദിവാസികള്‍ക്കൊപ്പം ‘കൊമ്മു കോയ’ എന്ന പുരാതന നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇത്.
നേരത്തെ, 3 ദിവസത്തെ ദീപാവലി ഇടവേളയ്ക്ക് ശേഷം തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയില്‍ നിന്ന് യാത്ര പുനരാരംഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ധോല്‍ നൃത്തം ചെയ്തിരുന്നു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിവാസി സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് ഇതാദ്യമായല്ല. 2019ല്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.
സെപ്റ്റംബര്‍ 7 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഒക്ടോബര്‍ 27 ന് 50 ദിവസം പൂര്‍ത്തിയാക്കിയിരുന്നു.അന്‍പതാം ദിനം തെലങ്കാനയിലായിരുന്നു ജോഡോ യാത്രയുടെ പര്യടനം. കര്‍ഷകരോടും കര്‍ഷക സംഘടന പ്രതിനിധികളോടും രാഹുല്‍ സംസാരിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും അദ്ദേഹം കണ്ടു. സര്‍ക്കാര്‍ ഇനിയും സഹായധനം അനുവദിച്ചിട്ടില്ലെന്ന് പല കുടുംബങ്ങളും പരാതിപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ കാര്‍ഷിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ദീപാവലി പ്രമാണിച്ചുള്ള ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ജോഡോ യാത്ര തെലങ്കാനയിലെ മക്താലില്‍ നിന്ന് പുനരാരംഭിച്ചത്. ദീപാവലിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് ദിവസത്തേക്ക് ഇടവേള നല്‍കി രാഹുല്‍ ദില്ലിയിലേക്ക് പോവുകയായിരുന്നു.
നവംബര്‍ ഒന്നിന് ഹൈദരാബാദ് നഗരത്തിലേക്ക് ജോഡോ യാത്ര പ്രവേശിക്കും. രാഹുല്‍ ഗാന്ധി ചാര്‍മിനാറില്‍ ദേശീയ പതാക ഉയര്‍ത്തുകയും നെക്ലേസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ് കോര്‍ണര്‍ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ടിപിസിസി പ്രസിഡന്റ് എ രേവന്ത് റെഡ്ഡി, പാര്‍ലമെന്റ് അംഗം എന്‍ ഉത്തം കുമാര്‍ റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് ഭട്ടി വിക്രമര്‍ക്ക, മധു യാസ്‌കി ഗൗഡ് എന്നിവരുള്‍പ്പെടെ സംസ്ഥാന പ്രധാന നേതാക്കളെല്ലാം തെലങ്കാന സമ്മേളനത്തില്‍ അദ്ദേഹത്തെ അനുഗമിക്കും.