നഗരസഭയില്‍ മേയറുടെ ഡയസിന് മുന്നില്‍ നിലത്തുകിടന്ന് പ്രതിഷേധിച്ച് ബിജെപി വനിതാ കൌണ്‍സിലര്‍മാര്‍

1 min read

തിരുവനന്തപുരം : കത്ത് വിവാദത്തില്‍ നഗരസഭയില്‍ ഇന്നും സംഘര്‍ഷം. പ്രതിഷേധവുമായി ബിജെപി കൌണ്‍സിലര്‍മാരും പ്രവര്‍ത്തകരും എത്തിയതോടെ നഗരസഭയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. മേയര്‍ ഡയസിലേക്ക് വരുന്നത് തടയാന്‍ ബിജെപി കൌണ്‍സിലര്‍മാര്‍ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ഡയസില്‍ മേയര്‍ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ കൌണ്‍സില്‍ യോഗം സംഘര്‍ഷത്തിലെത്തി. ഡയസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച വനിതാ കൌണ്‍സിലര്‍മാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഗോ ബാക്ക് വിളികളുമായാണ് പ്രതിപക്ഷ പ്രതിഷേധം. നാല് കൌണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കൌണ്‍സില്‍ യോഗം തുടരുകയാണ്.

അതേസമയം മണിക്കൂറുകള്‍ക്ക് മുമ്പ് കത്ത് വിവാദത്തില്‍ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി നഗരസഭയിലേക്ക് തള്ളിക്കയറി. കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നഗരസഭ കവാടത്തിന് പുറത്ത് നടക്കുന്നതിനിടെയാണ് അങ്ങിങ്ങായി ചിതറിയെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ നഗരസഭക്ക് അകത്തേക്ക് ഓടിക്കയറിയത്. ഉടനെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ചു. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ച ശേഷമാണ് മേയര്‍ കോര്‍പറേഷനിലേക്ക് എത്തിയത്.

Related posts:

Leave a Reply

Your email address will not be published.