പ്രധാനമന്ത്രി ഇന്ന് കര്‍ണാടകവും മഹാരാഷ്ട്രയും സന്ദര്‍ശിക്കും
1 min read
ബംഗളൂരു: അടിസ്ഥാന സൗകര്യവികസനത്തിന് വന്‍ കുതിപ്പേകുന്ന 49,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകവും മഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാവിലെ കര്‍ണാടകയിലെ യാദ്ഗിരി, കലബുറഗി ജില്ലകള്‍ സന്ദര്‍ശിക്കുകയും ജലസേചനം, കുടിവെള്ളം, ദേശീയ പാത എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. എല്ലാ വീടുകളിലും വ്യക്തിഗത ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ വഴി സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തില്‍, ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള യാദ്ഗിര്‍ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതിയുടെ തറക്കല്ലിടല്‍ യാദ്ഗിരി ജില്ലയിലെ കൊടേക്കലില്‍ നടക്കും. പദ്ധതി പ്രകാരം 117 MLD ജലശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കും. 2,050 കോടി രൂപയിലധികം ചിലവ് വരുന്ന പദ്ധതി യാദ്ഗിരി ജില്ലയിലെ 700ലധികം ഗ്രാമീണ ആവാസ വ്യവസ്ഥകളിലും മൂന്ന് പട്ടണങ്ങളിലുമായി ഏകദേശം രണ്ടരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കും.
പരിപാടിയില്‍ നാരായണ്‍പൂര്‍ ലെഫ്റ്റ് ബാങ്ക് കനാല്‍ എക്സ്റ്റന്‍ഷന്‍ റിനവേഷന്‍ ആന്‍ഡ് മോഡേണൈസേഷന്‍ പ്രോജക്ട് (NLBCERM) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ആകെ ചിലവ് ഏകദേശം 4,700 കോടി രൂപയാണ്. നാരായണ്‍പൂര്‍ ലെഫ്റ്റ് ബാങ്ക് കനാലിന്റെ നവീകരണം രാജ്യത്തിനാകെ മാതൃകയാണെന്നും ജലസേചന മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
കലബുറഗി ജില്ലയിലെ മാല്‍ഖേഡ് ഗ്രാമത്തില്‍ പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യും. NH150C യുടെ 71 കിലോമീറ്റര്‍ ഭാഗത്തിന്റെ തറക്കല്ലിടലും നിര്‍വ്വഹിക്കും. ഈ ആറുവരി ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതി സൂറത്ത്-ചെന്നൈ എക്‌സ്പ്രസ് വേയുടെ ഭാഗമാണ്. 2100 കോടിയിലധികം രൂപ ചെലവിലാണ് ഇത് നിര്‍മിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് സൂറത്ത്‌ചെന്നൈ എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. നിലവിലെ റൂട്ട് 1,600 കിലോമീറ്ററില്‍ നിന്ന് 1,270 കിലോമീറ്ററായി കുറയ്ക്കും.
ഏകദേശം 38,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി മോദി വൈകുന്നേരത്തോടെ മുംബൈയിലെത്തും. മുംബൈ മെട്രോയുടെ രണ്ട് ലൈനുകള്‍ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം മെട്രോ യാത്ര നടത്തും. തടസ്സങ്ങളില്ലാത്ത നഗര മൊബിലിറ്റി നല്‍കുന്നതിനായി, ഏകദേശം 12,600 കോടി രൂപയുടെ മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2A, 7 എന്നിവയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. മുംബൈ 1 മൊബൈല്‍ ആപ്പും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡും പുറത്തിറക്കും. 17,200 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ഏഴ് മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മലാഡ്, ഭാണ്ഡൂപ്പ്, വെര്‍സോവ, ഘാട്‌കോപ്പര്‍, ബാന്ദ്ര, ധാരാവി, വര്‍ളി എന്നിവിടങ്ങളിലാണ് ഈ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇവയ്ക്ക് ഏകദേശം 2,460 എംഎല്‍ഡി ശേഷിയുണ്ടാകും.