പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ അന്തരിച്ചു
1 min read
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില മോശമായതോടെ ചൊവ്വാഴ്ച രാത്രിയാണ് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവിന്റെ മരണവിവരമറിഞ്ഞ പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് തിരിച്ചു.
അമ്മയുടെ വിയോഗവിവരം അറിഞ്ഞ പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ അനുസ്മരണ കുറിപ്പ് പങ്കുവച്ചു. ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ഥ കര്‍മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബന്‍ദ്ധതയുള്ള ജീവിതവും ഉള്‍ക്കൊള്ളുന്ന ആ സ്ത്രീത്വം അമ്മയാല്‍ എനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. നൂറാം ജന്മദിനത്തില്‍ ഞാന്‍ കണ്ട് മുട്ടിയപ്പോള്‍ അമ്മ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു, ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക’ എന്നായിരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുമെങ്കിലും മുന്‍ നിശ്ചയപ്രകാരമുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് മാറ്റമിലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.