പാലക്കാട് അപകടം: 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അനുശോചിച്ച് രാഷ്ട്രപതി
1 min readന്യൂഡൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
പാലക്കാട് വടക്കഞ്ചേരിയിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സ്കൂളിൽനിന്ന് വിനോദസഞ്ചാരത്തിന് കുട്ടികളുമായി പോയ ബസ് കെഎസ്ആർടിസി ബസിനു പിന്നിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. ആകെ 60 പേർക്കു പരുക്കേറ്റു. മണിക്കൂറിൽ 97.5 വേഗത്തിലായിരുന്നു ടൂറിസ്റ്റ് ബസ് പാഞ്ഞത്.