ഗാംബിയയിലെ കുട്ടികളുടെ മരണം; മരുന്നുകമ്പനിയുടെ ദില്ലിയിലെ ഓഫീസ് പൂട്ടി, ജീവനക്കാര്‍ മുങ്ങി

1 min read

ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പൂട്ടി. കുട്ടികളുടെ മരണത്തില്‍ മരുന്നുകമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നത് വന്‍ വിവാദമായതോടെ ദില്ലിയിലെ കോര്‍പറേറ്റ് ഓഫീസാണ് പൂട്ടിയത്. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്ത് അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് ജീവനക്കാര്‍ മുങ്ങിയത്.

ഗാംബിയയില്‍ 5 വയസ്സില്‍ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നാലെയാണ് വിവാദം. ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണ് മരണത്തിന് ഉത്തരവാദികളെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടനയാണ് രംഗത്ത് വന്നത്. കഫ് സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍ , എഥിലിന്‍ ഗ്ലൈകോള്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

ഹരിയാനയിലെ കമ്പനിയാണ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡഡ് ഓര്‍ഗനൈസേഷന്‍ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരുന്ന് ഉത്പാദിപ്പിച്ച മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കള്‍സ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്‌സ് കണ്ട്രോള്‍ അതോറിറ്റിയും വിശദമായ അന്വേഷണം നടത്തും.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമാണ് ഗാംബിയ. ഇവിടെയുണ്ടായ ദുരന്തത്തില്‍ ഇന്ത്യന്‍ കമ്പനി പ്രതിസ്ഥാനത്തായതും അതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത് വന്നതും ഇന്ത്യക്ക് നാണക്കേടാണ്. നാല് മരുന്നുകളാണ് അപകടകാരികളായത്. പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഗാംബിയയിലേക്ക് മാത്രമേ ഈ കമ്പനി മരുന്ന് അയച്ചിട്ടുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.