എന്‍ഡിടിവി പ്രമോട്ടിംഗ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രണോയി റോയിയും രാധിക റോയിയും രാജിവച്ചു
1 min readന്യൂ ഡല്‍ഹി ടെലിവിഷന്‍ ചാനലിന്റെ (എന്‍ഡിടിവി) സ്ഥാപകരും പ്രമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനല്‍ മുഖ്യ പ്രമോട്ടര്‍മാരായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്ആര്പിആര്എച്ച്) ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ചതായി കമ്പനി ചൊവ്വാഴ്ച നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പായ ആര്‍ആര്‍പിഎല്‍ ഹോള്‍ഡിങ്ങിന് എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന്റെ ബോര്‍ഡ് അനുമതി നല്‍കിയതായി എന്‍ഡിടിവിയുടെ എക്സ്ചേഞ്ച് ഫയലിംഗില്‍ പറയുന്നു.
എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫറുമായി രംഗത്തെത്തിയിരുന്നു.
ബിഎസ്ഇ വെബ്സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എന്‍ഡിടിവിയുടെ ചെയര്‍പേഴ്സണും രാധിക റോയ് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.
ഈ വര്‍ഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആര്‍ആര്‍പിഎല്ലിന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചത്. അദാനിക്ക് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കില്‍. എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എന്‍ഡിടിവിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനിയെ പ്രാപ്തരാക്കും. എന്‍ഡിടിവിയില്‍ പ്രണോയ് റോയിക്കും രാധികയ്ക്കും ഇതിന് പുറമേ 32.26 ശതമാനം ഓഹരിയുണ്ട്.