അര്‍ധരാത്രി മകന്റെ മുന്നില്‍നിന്ന് അമൃതയെ വലിച്ചിഴച്ച് പൊലീസ്; ദൃശ്യംസഹിതം പരാതി
1 min readമലപ്പുറം: മഞ്ചേരിയില്‍ പത്തു വയസ്സുകാരനായ മകന്‍ നോക്കിനില്‍ക്കെ അര്‍ധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍.ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. രാത്രി ടൗണില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. ദൃശ്യങ്ങള്‍ സഹിതമാണ് യുവതിയുടെ പരാതി.
രാത്രി ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതമായെത്തിയ പൊലീസ് തട്ടിക്കയറി എന്നും അസഭ്യം പറഞ്ഞെന്നുമാണ് ആക്ഷേപം. സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരനില്‍നിന്നും ഫോണ്‍ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു. പത്തു വയസ്സുകാരനായ കുട്ടിയുണ്ടെന്ന കാര്യം പരിഗണിച്ചേയില്ലെന്നും പരാതിയില്‍ പറയുന്നു.
മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും യുവതി പരാതി നല്‍കി. ടൗണില്‍ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാര്‍ പാര്‍ക്ക് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കാന്‍ ചെന്നപ്പോള്‍ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയില്‍ എടുക്കേണ്ടി വന്നതെന്നും മഞ്ചേരി പൊലീസ് പറഞ്ഞു.