ജി20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു
1 min readബാലി: സ്ത്രീപക്ഷ വികസനത്തിന് ജി20 അജണ്ടയില്‍ പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ കൂട്ടായ നടപടികള്‍ക്കുള്ള ചാലകശക്തിയായി ജി20 മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ജി20 ന്റെ അധ്യക്ഷ പദം ഇന്തോനേഷ്യയില്‍ നിന്ന് ഇന്ത്യ ഏറ്റെടുത്തു. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയില്‍ നടക്കും.
ഡിസംബര്‍ 1 മുതല്‍ ജി20 അധ്യക്ഷ പദവി ഇന്ത്യക്ക് ഔദ്യോഗികമായി ലഭിക്കും. നമ്മുടെ പ്രകൃതിയുടെ ഭാവിക്കും ജീവിതത്തിനുമായി പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ട്. കാലവസ്ഥയുടെ നിലനില്‍പ്പിനായുള്ള ജീവിതരീതി വികസിപ്പിക്കേണ്ടതിന്റെ പ്രധാന്യം മോദി ചൂണ്ടിക്കാട്ടി. വസുധൈവ കുടുംബകം എന്നതാവും ഇന്ത്യയില്‍ നടക്കുന്ന ജി 20 സമ്മേളനത്തിന്റെ വിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇതിന്റെ അര്‍ത്ഥം. എല്ലാ രാജ്യങ്ങളുടെയും പിന്തുണയോടെ ആഗോള ക്ഷേമത്തിനുള്ള പ്രവര്‍ത്തനത്തിന് ജി20 ഒരു പ്രേരകശക്തിയായി മാറ്റാന്‍ സാധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ പറഞ്ഞു.
ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുമായി നയതന്ത്ര തല ചര്‍ച്ച നടത്തി. പിന്നീട് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്രതല ചര്‍ച്ച നടത്തി.