ഗ്രീഷ്മയുടെയും അമ്മയുടേയും പത്തുമാസത്തെ ആസൂത്രണം, ജാതകദോഷം നുണക്കഥ, ഷാരോണ്‍ കേസില്‍ കുറ്റപത്രം തയ്യാറായി
1 min readതിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിന്റെ കാമുകി ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്. ഷാരോണ്‍ മരിച്ച് 73 ദിവസത്തിന് ശേഷമാണ് കേസിന്റെ കുറ്റപത്രം തയ്യാറാക്കുന്നത്.
ഡിവൈഎസ്പി എ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തയാറാക്കിയ കുറ്റപത്രം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും.
പത്ത് മാസത്തെ ആസൂത്രണം നടത്തിയാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ 5 തവണ ശ്രമിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയത് യൂറ്റൂബ് നോക്കി. ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാസം 25ന് മുന്‍പ് കുറ്റപത്രം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം മുന്‍പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്‌പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി കേസില്‍ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.
ഷാരോണും ഗ്രീഷ്മയും നടത്തിയ വാട്ട്‌സാപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തു. ഈ തെളിവുകള്‍ കേസില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ഒക്ടോബര്‍ പതിനാലിന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് ആരോഗ്യനില മോശമായ ഷാരോണ്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.
നാഗര്‍കോവില്‍ സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ ബന്ധത്തില്‍ നിന്നും പിന്മാറാതിരുന്നതോടെയാണ് കൊലപാതകത്തിന് ശ്രമം ആരംഭിച്ചത്. ജ്യൂസില്‍ ഗുളികകല്‍ പൊടിച്ച് കലര്‍ത്തിയാണ് ആദ്യ ശ്രമം നടത്തിയത്. പിന്നീട് ജ്യൂസ് ചലഞ്ച് എന്ന പേരിലും മാങ്ങാ ജ്യൂസില്‍ ഗുളിക കലര്‍ത്തി നല്‍കി. ഈ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു.