കേജരിവാളിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷം
1 min readന്യൂഡല്‍ഹി :മദ്യഅഴിമതിക്കേസില്‍ റിമാന്‍ഡിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മാസങ്ങള്‍ക്ക് മുമ്പ് കള്ളപ്പണക്കേസില്‍ പ്രതിയായി ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മന്ത്രി സത്യേന്ദ്രജയിനും രാജിവച്ചതോടെ ഇനി മുഖ്യമന്ത്രി കേജരിവാളാണ് രാജിവയ്‌ക്കേണ്ടതെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ സിസോദിയ സൂപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്ന് അനുഭാവപൂര്‍ണമായ സമീപനമല്ല സിസോദിയയ്ക്ക്ലഭിച്ചത്. കേസില്‍ ഇടപെടാന്‍ തയ്യാറാവാതിരുന്ന സുപ്രീംകോടതി മറ്റ് വഴികള്‍ തേടാന്‍ ഹര്‍ജിക്കാരനെ ഉപദേശിച്ചു. ഇനി സിസോദിയയ്ക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാം. എല്ലാ അഴിമതിക്കും പിറകിലുള്ള മുഖ്യമന്ത്രി കേജരിവാളാണ് രാജിവയ്‌ക്കേണ്ടതെന്നാണ് ബി.ജെ.പിയുടെ ആവശ്യം . എന്നാല്‍ ധാര്‍മ്മികതയുടെ പേരിലാണ് സിസോദിയ രാജിവച്ചതെന്ന് എ.എ.പി പറയുമ്പോള്‍ കേസില്‍ എഫ്.ഐ.ആറില്‍ പ്രതിയായിട്ടും ആറുമാസം കഴിഞ്ഞിട്ടാണ് സിസോദിയ രാജിവയ്ക്കുന്നതെന്നും ഇതുവരെ നിങ്ങളുടെ ധാര്‍മ്മികത എവിടെപോയെന്നും ബി.ജെ.പി ചോദിച്ചു. ഗുരുതരമായ ആരോപണത്തെ തുടര്‍ന്ന ജയിലിലായ സത്യേന്ദ്രജയിന്‍ 9 മാസം കഴിഞ്ഞാണ് രാജിവച്ചതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.